2012, മാർച്ച് 15, വ്യാഴാഴ്‌ച

ഭയത്തിന്റെ അന്താരാഷ്ട്രവിപണി…ഭാഗം-1വീട്ടുവളപ്പിന്റെ രണ്ടു ഭാഗത്തും പൊതുവഴികളുണ്ടാവുമ്പോൾ ഒന്നുകിൽ അതിന്റെ സൗകര്യം കാണാം. അതല്ലെങ്കിൽ അയ്യോ കള്ളന്മാർക്കു വന്നു കേറാൻ രണ്ടു വഴിയായി എന്നു പരിഭ്രമിക്കാം. കിഴക്കേപ്പടി അത്യാവശ്യമൊരു ഇന്നോവ ടാക്സി വന്നുകേറാൻ സൗകര്യമൂള്ള ശൈവ-വിക്റ്റോറിയൻ സന്നിവേശിതകലാസൃഷ്ടിയായ ലോക്കൽ മെറ്റൽ ഇൻഡസ്ട്രീസ് ശൂലമുനഗേറ്റും മറ്റേ ഭാഗത്ത് കൃഷിവകുപ്പ്, കുടുംബശ്രീഎന്നീ സംവിധാനങ്ങളുടേയും ചട്ടിവട്ടികൾ, വളപ്രയോഗങ്ങൾ, കീടനാശിനികൾ എന്നീ ലൊട്ടുലൊടുക്കാദികളുടേയും സർവ്വോപരി സാർവ്വദേശീയതൊഴിലാളിവർഗ്ഗത്തിന്റേയും സ്വകാര്യമായ പോക്കുവരവിനനുയോജ്യമായ പരിസ്ഥിതിസന്തുലിതമായ ഒരു ഇല്ലിമുളം ലല്ലലലം ഗേറ്റും എന്നത് ഈ സൗകര്യമുള്ളിടത്തെ ഒരു ഗ്രാമീണ ഫ്യൂഡൽ പെറ്റിബൂർഷ്വാ സെറ്റപ്പാണ്. ആ പെറ്റി ബൂർഷ്വാ ഗൃഹനാഥനാകട്ടെ സൗകര്യമുള്ളപ്പോഴൊക്കെ ഒരു പ്രോലിറ്റേറിയൻ തോർത്തുടുക്കൽ തരുന്ന സ്വാതന്ത്ര്യമനുഭവിച്ചുകൊണ്ട് പൊതുവഴിയിലേക്ക് കുശലാന്വേഷണങ്ങൾ വാരിച്ചൊരിഞ്ഞുകൊണ്ടും ഗ്രാമീണവർണങ്ങളുടെ ഇടവഴിയൊഴുക്കുകൾ ആസ്വദിച്ചുകൊണ്ടും ചെറായി ബീച്ചിൽ ബിയറടിച്ചിരുന്ന് അൺ വൈൻഡ് ചെയ്യുന്ന കോർപ്പറേറ്റ് എക്സിക്യുട്ടീവിനെപ്പോലും അസൂയപ്പെടുത്തും വിധം ആഹ്ലാദഭരിതനായി ജീവിച്ചുപോരുകയായിരിക്കും.
പട്ടണപ്രാന്തങ്ങളിൽ നവകൊളോണിയൽ നഗറുകളിൽ വീടുവെച്ചു താമസിക്കുന്ന എന്നെപ്പോലുള്ള സെമി അർബൻ പെറ്റിബൂർഷ്വകളുടെ സ്ഥിതി അതല്ല. നിറയെ ജനലുകളുള്ള വീടുകൾ വെച്ച് അവയ്ക്ക് ഇരുണ്ട കളറുകളുള്ള കർട്ടൺ തൂക്കിയും രണ്ടു ഗേറ്റുകൾ മുൻ ഭാഗത്തു തന്നെ സ്ഥാപിച്ച് അവയിലൊന്ന് സ്ഥിരമായും മറ്റേത് കൃത്യം രാത്രി പത്തു മണിക്കും പൂട്ടിയും ഏതൊരു അപരിചിതനേയും ഒരു പൊട്ടൻഷ്യൽ രാവണനായിക്കണ്ട്  വരാന്തയുടേയും പോർച്ചിന്റേയും ലക്ഷ്മണരേഖയ്ക്കപ്പുറത്ത് നിർത്തിയും വെളിച്ചം, കാറ്റ്, സൗഹൃദങ്ങൾ എന്നിവയുടെ സ്വതന്ത്രമായ കടന്നുവരവിനെ പരമാവധി ചെറുത്തുകൊണ്ടാണ് ഞങ്ങളുടെ ജീവിതം. കള്ളന്മാരെ പേരെടുത്തുതന്നെ അറിയാവുന്ന (ചക്ക, തേങ്ങ, പാത്രങ്ങൾ എന്നിങ്ങനെയുള്ള സ്പെഷ്യലൈസേഷനടക്കം) ഗ്രാമീണസുരക്ഷാസങ്കല്പങ്ങളുടെ ലളിതസംവിധാനങ്ങളൊന്നും പോര അകാരണഭീതികളുടെ ഒളിയാക്രമണങ്ങൾ പതിയിരിക്കുന്ന ഞങ്ങളുടെ ചെറുനഗരജീവിതം സംരക്ഷിക്കാൻ. അയഡൈസ്ഡ് ഉപ്പുപോലെയോ മിനറൽ വാട്ടർ പോലെയോ ഒക്കെ ജീവിതത്തിന്റേയും കുടുംബബജറ്റിന്റേയും ഭാഗമാണ് സുരക്ഷ. അതുകൊണ്ട് രാത്രി 11 മണിക്കും രാവിലെ മൂന്നുമണിക്കും കള്ളന്മാർക്കെല്ലാം അറിയാവുന്ന ക്ലോക്ക് വർക്കിന്റെ കൃത്യതയോടെ ടോർച്ച് മിന്നിച്ച് ചുമച്ചും വിസിലടിച്ചും നടന്നുപോകുന്ന വേലായുധേട്ടന്മാരുടെ സെക്യൂരിറ്റി കമ്പനിക്ക് മാസം നൂറ്റമ്പതു രൂപ ഞങ്ങൾ വകയിരുത്തുന്നു. വിസിൽ വിളിക്ക് കാതോർത്ത് ഉറങ്ങാതെ കിടന്ന് കള്ളന്മാരെ അകറ്റി നിർത്തി എന്ന സന്തോഷത്തോടെ ജീവിച്ചുപോവുന്നു.
ഇന്ത്യ ഈസ് ഷൈനിങ് എന്ന് ഈ ബീജേപ്പിക്കാർ പറഞ്ഞുണ്ടാക്കിയപ്പോൾ മുതലാണ് ഇത്തരത്തിലൊരു പെറ്റിബൂർഷ്വാ സംഭ്രമം ഇന്ത്യയേയും പിടികൂടിയത്. സ്വയമൊരു കൊച്ചുമുതലാളിയായി എന്ന് ഇന്ത്യക്ക് തോന്നിത്തുടങ്ങിയിട്ടുണ്ടാവണം. കോൺഗ്രസ്സുകാരും ഇതു വിശ്വസിച്ച മട്ടിലാണ് കാര്യസ്ഥപ്പണി നടത്തിക്കൊണ്ടിരിക്കുന്നത്. അതിർത്തികൾക്കൊന്നും സുരക്ഷ പോര ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാൻ കൊള്ളില്ല എന്നൊക്കെ നമുക്ക് ആധിയായി. ഏഴായിരത്തി അഞ്ഞൂറിലധികം കിലോമീറ്റർ ദൈർഘ്യമുള്ള കടൽത്തീരം സംരക്ഷിക്കാൻ വെള്ളത്തിലിടാവുന്ന മതിലെന്ത് എന്നൊക്കെ സർക്കാർ കിണഞ്ഞാലോചിച്ചുകൊണ്ടിരിക്കുന്നത് ഈ പരിതസ്ഥിതിയിലാണ്.
സഹസ്രാബ്ദങ്ങളായി ആര്യൻ,പേർഷ്യൻ, ഗ്രീക്,സ്കൈത്തിയൻ, മംഗോളിയൻ,അറബ്, തുർക്കി, പറങ്കി,ഡച്ച്, ബ്രിട്ടീഷ്, ഫ്രഞ്ച് എന്നുവേണ്ട സകലമാന വംശങ്ങളും സൗകര്യമുള്ളപ്പോഴും നേരമ്പോക്കിനുമൊക്കെ അധിനിവേശിച്ചുപോന്ന ഒരു ഭൂപ്രദേശമാണ് ഇനി നമ്മൾ കടലടച്ച് സംരക്ഷിക്കാൻ പോകുന്നത്.(ദ്രാവിഡ മുന്നേറ്റക്കാരും പണ്ടേതോ തമിഴ് പടത്തിന്റെ ഷൂട്ടിങ് ലൊക്കേഷൻ തിരഞ്ഞുവന്നവരാണെന്നു പറയപ്പെടുന്നു) അത്യാവശ്യം രാജ്യം കുട്ടിച്ചോറാക്കാൻ പോന്ന ആന്തരികസംഘർഷങ്ങൾ അതിർത്തിക്കുള്ളിൽ തന്നെ വേണ്ടത്രയുള്ളപ്പോൾ പുറമേ നിന്ന് ഇനി ആരെങ്കിലും കൂടുതലായി വരേണ്ടതുണ്ടോ എന്നും സംശയിച്ചുപോകുന്നു. സഞ്ജയ് ഗാന്ധിയുടെ കാലത്തെ കുടുംബാസൂത്രണപ്രക്രിയപോലെ ഭാവിയിൽ ഒരു നിർബന്ധിത ഇന്ത്യൻ ഇമ്പ്ലാന്റിലൂടെ കൂട്ടമായി ജനിതകപരിവർത്തനം നടത്തുകയോ മറ്റോ ചെയ്യാൻ പറ്റുന്ന മാതിരി ശാസ്ത്രം വികസിച്ചാൽ മാത്രമേ ഈ ആന്തരികസംഘർഷങ്ങൾക്ക് ഒരു പക്ഷെ പരിഹാരം കാണാൻ കഴിയുകയുമുള്ളൂ..!
നഗരപ്രാന്തങ്ങളിലെ സെക്യൂരിറ്റി സേവനം എന്നത് തീർച്ചയായും നിരുപദ്രവകരമായ ഒരു തൊഴിൽ മേഖലയുടെ സ്വാഭാവികമായ വികാസമാണ്. അതുവരെ മിലിട്ടറി ക്വോട്ട എന്ന മുൻ മന്ത്രിമാർക്കുപോലുമില്ലാത്ത അസൂയാർഹമായ സൗകര്യത്തിന്റെ പേരിൽ സിയാച്ചിൻ ബോർഡറിൽ ഗുർബക്ഷ് സിങ്ങിന്റെ കൂടെ മഞ്ഞിൽ പുതഞ്ഞുകിടന്ന കഥകൾക്ക് ചുരുക്കം ആരാധകരുണ്ടായിരുന്നതൊഴിച്ചാൽ പാടേ അവഗണിക്കപ്പെട്ടിരുന്ന സാധാരണ എക്സ് സർവ്വീസ് മെൻ മാർക്ക് മാന്യമായ ഒരു തൊഴിൽ ലഭിക്കാൻ ഭയത്തിന്റെ ഈ ദേശീയവിപണി സഹായകരമായെന്നതും അത്യാവശ്യം സൗകര്യമുള്ള ഇടത്തരക്കാരന്റെ പോക്കറ്റിൽ നിന്ന് ന്യായമായ തുക ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്നുവെന്നതും നല്ല കാര്യം തന്നെ.
അന്താരാഷ്ട്രവിപണിയിൽ ഭയത്തിന്റെ മാർക്കറ്റ് കൈകാര്യം ചെയ്യുന്ന മിലിട്ടറിക്കാരന്റെ കാര്യം പക്ഷെ അങ്ങനെയല്ല. കമ്യൂണിസം എന്ന ഭൂതത്തെ തുരത്തിയോടിക്കാനുള്ള ആഭിചാരക്രിയകൾ, മാട്ടുമാരണങ്ങൾ, വേണ്ടിവന്നാൽ ചൂരൽ പ്രയോഗങ്ങൾ എന്നിവ നടത്തിക്കൊടുത്തുപോന്നിരുന്ന വിയറ്റ്നാം റാംബോ ചേട്ടൻ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം കുറച്ചുകാലം പണിയില്ലാതിരുന്നു. ആയുധങ്ങളൊന്നും കച്ചവടമാവാതിരുന്നപ്പോൾ പുസ്തകപ്രസാധകർ പ്രാദേശികമേളകൾ സംഘടിപ്പിക്കുന്നതുപോലെ വംശീയകലാപങ്ങളുടെ ചെറുകിടമേളകൾ ലോകമെമ്പാടും സംഘടിപ്പിച്ചുനോക്കി. ജനങ്ങൾക്ക് അതും മടുത്ത് പരസ്പരം മിലേ സുർ മേരാ തുമാരാ എന്നു കെട്ടിപ്പിടിക്കാൻ തുടങ്ങിയപ്പോൾ അമേരിക്ക വീണ്ടും ആപ്പിലായി. അപ്പോഴാണ് ഭീകരവാദം എന്ന സംഗതി വീണുകിട്ടുന്നത്. കാട്ടുപൊന്തകൾക്കു ചുറ്റും വടിയടിച്ചുകൊണ്ട് ഇല്ലാത്ത പാമ്പിനെ തിരഞ്ഞ് ബുഷുകൾ സൃഷ്ടിച്ചെടുത്ത ഈ സർപ്പഭീതിയിൽ രതിനിർവേദം തലമുറകളായി കണ്ടുകൊണ്ടിരിക്കുന്ന നമ്മൾ മലയാളികളടക്കം പെട്ടുപോയതിൽ അത്ഭുതമില്ല. തനതുനാടകവേദിക്കാലത്ത് സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠിച്ചിറങ്ങിയ ആരോ വൈറ്റ് ഹൗസിൽ പരിശീലനം കൊടുക്കുന്നുണ്ട് എന്ന് തോന്നിക്കുമാറാണ് അമേരിക്കൻ പ്രസിഡണ്ടുമാർ ടെററിസം..ടെററിസം എന്നാവർത്തിച്ചുപാടി പ്രസംഗങ്ങൾ നാടകീയമാക്കാറുള്ളത്. (എന്തായാലും നരിപ്പറ്റ രാജ്വേട്ടന്റെ ബാച്ചല്ല..അവരൊക്കെ അമേരിക്കൻ വിരുദ്ധരായിരുന്നു എന്ന് കടമ്പഴിപ്പുറത്തെ ഒരു മൂന്നാം ലോകഗ്രാമീണബാറിലിരിക്കുമ്പോൾ എനിക്ക് നേരിട്ട് ബോദ്ധ്യപ്പെട്ടതാണ്..) മലയാളമനോരമ കാലങ്ങളായി ചെയ്തുപോന്നിരുന്ന ഒരു  വിദ്യ മാത്തുക്കുട്ടിച്ചായൻ കുഞ്ഞുങ്ങൾക്കു കളിക്കാനായി കളിക്കുടുക്കയിൽ ഇട്ടുപോന്നിരുന്നു. ആടിനെ പട്ടിയാക്കൂ എന്ന മട്ടിൽ. അതിന് കുട്ടികൾ ആട്, ആന, പന, പട്ടി..എന്നെഴുതി കൈകൊട്ടിച്ചിരിക്കും. അമ്മാതിരിയൊരു വിക്രസ്സിലൂടെയാണ് സാമങ്കിൾ ട്വിൻ ടവർ എന്നത് സദ്ദാം ഹുസൈൻ എന്നാക്കിയത്. പിന്നെ പണ്ട് കേരളാ പോലീസ് കരടിയെ തല്ലിച്ച് അയ്യോ ഞാൻ പുലിയാണേ എന്ന് സത്യം പറയിച്ച കഥ പോലെയായി കാര്യങ്ങൾ.
അതുപോലെയല്ലെങ്കിലും ഇന്ത്യ ആളൊരു പുലിയാണ് എന്ന് അമേരിക്ക കുറച്ചു കാലമായി പറയാൻ തുടങ്ങിയിട്ട്. ഇടയ്ക്ക് ആളടുത്തില്ലാത്തപ്പോൾ ഇന്ത്യക്കാർ കൂടുതൽ ഭക്ഷണം കഴിക്കുന്നതുകൊണ്ടാണ് ഭക്ഷ്യക്ഷാമമുണ്ടാവുന്നത്, അതു ദഹിക്കാത്തതുകൊണ്ടാണ് ഗ്രീൻ ഹൗസ് വാതകങ്ങൾ ഉണ്ടാവുന്നത്, അങ്ങനെയാണ് ഓസോണിലെ തുള വലുതാവുന്നത്..ഇന്ത്യക്കാർ കൂടുതൽ കാറോടിക്കുന്നതുകൊണ്ടാണ് ഇന്ധനക്ഷാമമുണ്ടാവുന്നത്, മുച്ചീട്ടു കളിക്കുന്നതുകൊണ്ടാണ് നാണയപ്പെരുപ്പമുണ്ടാവുന്നത് എന്നൊക്കെ പരദൂഷണം പറയുമെങ്കിലും ഇന്ത്യ ഒരു പുലിയാണ് എന്നതിൽ അമേരിക്കയ്ക്ക് ഒരു സംശയവുമില്ല. ആ പേരിൽ ഇടയ്ക്കൊക്കെ തോളത്തു കയ്യിട്ടും കിരീടത്തിലെ കൊച്ചിൻ ഹനീഫയുടെ കഥാപാത്രത്തെപ്പോലെ പിച്ചാത്തി പിടിച്ച് കൂടെ നെഞ്ചു വിരിച്ചു നടന്നും ഒക്കെ അമേരിക്ക ഇന്ത്യയെ പരമാവധി ആളാക്കുന്നുണ്ട്.
ഇതിന്റെ കൂട്ടത്തിൽ മന്മോഹൻസിങ്ങിന്റെ തലേക്കെട്ടുകൊണ്ട് പകുതി മറഞ്ഞ ചെവിയിൽ വേണ്ടത്ര സുരക്ഷാ ഉപദേശങ്ങളും  അമേരിക്ക നൽകിപ്പോരുന്നുണ്ട്. ഭീകരാക്രമണം ഉണ്ടാവും ഉണ്ടാവും എന്ന് അമേരിക്ക പറയുകയും അവസാനം ഉണ്ടായിക്കഴിയുമ്പോൾ ഞങ്ങളന്നേ പറഞ്ഞതാണ് എന്നുമൊക്കെ കുറച്ചുകാലമായി നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട്. സർദാർജി ശരിക്കു കേൾക്കാത്തതുകൊണ്ടോ എന്തോ..! എന്തായാലും നാളിതു വരെയുള്ള ചരിത്രം വെച്ചുനോക്കുമ്പോൾ എന്തോ വളഞ്ഞ ബുദ്ധി അമേരിക്കയുടെ സുഖിപ്പിക്കലിലും കൂടെക്കൊണ്ടു നടത്തലിലും ഇല്ലേ എന്നൊന്നു സംശയിച്ചുപോകും. എന്തെങ്കിലും കുറുക്കൻ ബുദ്ധിയോടെ മാത്രമേ കേവലം അഞ്ഞൂറ്റിച്ചില്ല്വാനം വർഷങ്ങളുടെ ചരിത്രത്തിൽ എല്ലാ കാര്യങ്ങളിലും ഒരു രാഷ്ട്രമെന്ന നിലയിൽ അമേരിക്ക ഇടപെട്ടിട്ടുള്ളൂ.

സാമ്പത്തികരംഗത്തെ കുറേ തിരിച്ചടികളുടേയും സംഭ്രമങ്ങളുടേയും ബാക്കിയായി ഫെഡറൽ റിസർവ് സിസ്റ്റത്തിന് അമേരിക്കയിൽ തുടക്കമാവുന്നത് 1913 ലാണ്1914 ലാണ് അമേരിക്ക ഇടപെടുന്ന രണ്ടാം ലോകമഹായുദ്ധം. ബാങ്കും യുദ്ധവും തമ്മിലെന്ത് എന്ന് വിസ്തരിക്കാൻ ഞാനാളല്ല. മന്മോഹണോമിക്സ് പോട്ടെ സിമ്പിൾ എക്കണോമിക്സ് പോലും തലയിൽ കയറാത്ത ഒരാളായതുകൊണ്ട് അക്കാര്യം തൽക്കാലം വെറുമൊരു പ്രസ്താവനയായി ഇവിടെ ഇരിക്കട്ടെ.
ബോംബേയിൽ തൊഴിലന്വേഷിച്ച് അലഞ്ഞുനടന്നിരുന്ന കാലത്ത് ശ്രദ്ധയിൽപ്പെട്ട അതീവലളിതമായ ഒരു സാമ്പത്തികചക്രമുണ്ട്. നല്ല തിരക്കുള്ള റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ അത്യാവശ്യം അലങ്കരിച്ച ഒരു പശുവും ഒരു കെട്ടു പുല്ലുമായി ഒരു ഭയ്യ ഇരിപ്പുണ്ടാവും. രാവിലെ നെട്ടോട്ടമോടുന്നതിനിടയിലും സ്ത്രീപുരുഷഭേദമന്യേ കുറേ ജനം ഗോമാതാവിനെ വന്ദിച്ച് ഭയ്യക്ക് എട്ടണയോ ഒരു രൂപയോ കൊടുക്കും..ഭയ്യ നാലഞ്ചു പുല്ലെടുത്ത് ഭക്തർക്കു കൊടുക്കും ..അവരത് പശുവിനു നീട്ടും.. കോളേജ് പിള്ളേർ ബബിൾഗം ചവയ്ക്കുന്നപോലെ നിസ്സംഗമായി ഒരു യന്ത്രം പോലെ വായ് ചലിപ്പിച്ചുകൊണ്ടിരിക്കുന്ന പശു അത് നക്കിയാലായി തിന്നാലായി..എന്തായാലും പകുതിയിലധികം തിരിച്ച് താഴേക്കുതന്നെ വീഴും. ഭയ്യ അത് റീസൈക്കിൾ ബിന്നിലേക്ക് കയറ്റും.. ഈ പ്രൊസസ്സിനിടയിൽ അവിടെ പുണ്യം വാരിവിതറപ്പെടും..ഓടിപ്പോവുന്നവർക്ക് അതിത്തിരി കിട്ടിയാലായി വേറെ പണിയില്ലാത്തതുകൊണ്ട് ഇതു നോക്കിനിൽക്കുമ്പോൾ ഈ പശു ആരുടെ, പുല്ലാരുടെ, ഭയ്യ ആരുടെ, സത്യത്തിൽ എന്ത് ഉദ്പാദനപ്രക്രിയയാണ് ഇവിടെ നടക്കുന്നത്, ഈ മൊത്തം സംഗതിയുമായി ബന്ധപ്പെട്ട ഉദ്പാദനോപകരണങ്ങളുടെ ഉടമസ്ഥത വിപ്ലവത്തിനു ശേഷം പശുവിനാണോ ഭയ്യക്കാണോ വന്നുചേരേണ്ടത് എന്നൊക്കെയുള്ള അനാവശ്യചിന്തകളിൽ പെട്ടുപോയിട്ടുണ്ട്. (അവസാനം ഇത്ര ലളിതമായ ഒരു സംഗതിയുടെ എക്കണോമിക്സ് പോലും മനസ്സിലാക്കാൻ കഴിയാത്ത ഞാൻ  ഇന്ത്യയുടെ സാമ്പത്തികതലസ്ഥാനത്ത് തുടർന്നുജീവിക്കുന്നതിൽ അർത്ഥമില്ല എന്നു ബോദ്ധ്യപ്പെട്ടതിനാലാണ് ബോംബെ വിട്ട് കപ്പലിൽ സ്പാനർ പിടിക്കുന്ന പണിക്ക് കയറിയത്.പിന്നീടിങ്ങോട്ട് പശുവും ഭയ്യയും പുല്ലും ചേർന്ന പെർമ്യൂട്ടേഷൻ കോമ്പിനേഷനുകളായി കൂടുതൽ സങ്കീർണ്ണമായ സംഭവമായിട്ടേ എക്കണോമിക്സിനെ കാണാൻ കഴിഞ്ഞിട്ടുള്ളൂ എന്നതാണ് എന്റെ മെന്റൽ ബ്ലോക്കായി മാറിയ ബോംബെ അനുഭവത്തിന്റെ മിച്ചമൂല്യം. )
ചുരുക്കത്തിൽ പലരും പറഞ്ഞുകേട്ടും വായിച്ചും ഞാൻ മനസ്സിലാക്കിയ ഒരു സംഗതി ഇതാണ്. യുദ്ധം എന്ന ഒരു പശു നിരന്തരം അയവിറക്കിക്കൊണ്ട് ഫെഡറൽ റിസർവ്വ് എന്ന പുല്ലുകെട്ടുമായി കുത്തിയിരിക്കുന്ന അമേരിക്കൻ ഭയ്യയുടെ കൂടെ എപ്പോഴുമുണ്ടാവും. ഈ പുല്ലുകെട്ടുകെട്ടിനെ നിരന്തരം ചലിപ്പിച്ചുകൊണ്ടിരിക്കുന്നതിന് ജനങ്ങളെ നികുതിയായും സേവനങ്ങളായും ദാനം ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നതാവട്ടെ അയവെട്ടിക്കൊണ്ടേയിരിക്കുന്ന യുദ്ധത്തിന്റെ മ്പേ..മ്പേ..എന്ന സമാധാനത്തിന്റെ സൈറൺ വിളികളാണ്. (ഈ മാതൃക പിന്തുടർന്ന് ബാങ്ക് ലോണെടുത്ത് പശുവിനെ വാങ്ങിച്ച മൂന്നാം ലോകരാഷ്ട്രങ്ങളിലെ ദാസനും വിജയനുമൊക്കെ ഈ നശിച്ച ജന്തുവിന് ഉറക്കവുമില്ലേ എന്നു പ്രാകി പിണ്ണാക്കുതിന്നു കഴിഞ്ഞുകൂടുന്നു എന്നത് വേറെ കാര്യം). ഈ ഫെഡറൽ റിസർവ്വ് പുല്ലു വരുന്നതാകട്ടെ സർക്കാർ കൃഷിയിടങ്ങളിൽ നിന്നു മാത്രമല്ല. സ്വകാര്യ ബുഷുകളിൽ നിന്നടക്കം വെട്ടിക്കൂട്ടുന്നതാണ്.(ഒന്നാം ലോകമഹായുദ്ധകാലത്ത് യുദ്ധത്തിന്റെ രണ്ടു ഭാഗത്തെ കക്ഷികൾക്കും അമേരിക്കൻ സ്വകാര്യബാങ്കുകൾ ഫണ്ട് ചെയ്തതായി പിന്നീട് രേഖകൾ കിട്ടിയിട്ടുണ്ടെന്നും അവരെല്ലാം വിചാരണ ചെയ്യപ്പെട്ടിട്ടുണ്ടെന്നും പറയപ്പെടുന്നു.അക്കൂട്ടത്തിൽ നാസി ജർമ്മനിയുടെ പൈസ കൊണ്ട് കളിച്ചതിന് പിന്നീട് പിടിക്കപ്പെട്ട യൂനിയൻ ബാങ്കിങ് കോർപ്പറെഷൻ ഓഫ് ന്യൂ യോർക്കിന്റെ വൈസ് പ്രസിഡണ്ടിന്റെ പേരു കേട്ട് ഞെട്ടരുത്.. പ്രസ്കോട്ട് ഷെൽഡൻ ബുഷ്ജോർജ് ബുഷിന്റെ അച്ഛൻ, കൊച്ചു ജോർജ്ജ് ബുഷിന്റെ മുത്തച്ഛൻ..!)
(അവടെ നിക്കട്ടെ.. ! അമേരിക്ക ബാംഗ്ലൂരിനെ ബലാത്സംഗം ചെയ്യുമോ.. തക്ക സമയത്ത് വിജയ് മാല്യ കിങ്ഫിഷർ കുപ്പി പൊട്ടിച്ച് അമേരിക്കയുടെ വയറ്റിൽ കുത്തുമോ..കേരളം ചാരിത്ര്യം സംരക്ഷിക്കുമോ..സംഭ്രമജനകമായ അടുത്ത ലക്കത്തിൽ തുടർന്നുവായിക്കുക!)

2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

എങ്കിലും ചന്ദ്രികേ..പഴയ ചന്ദ്രികാ സോപ്പിന്റെ പച്ചപ്പെട്ടി കാണുമ്പോൾ C.R.K എന്ന കേശവൻ വൈദ്യരുടെ ചിഹ്നം പച്ച പശ്ചാത്തലത്തിലല്ലെങ്കിലും ഒരു ചന്ദ്രനേയും നക്ഷത്രത്തേയും ഓർമ്മിപ്പിക്കും..കുളിർമ്മയുള്ള സോപ്പുമണത്തിൽ നിന്ന് ചുംബനച്ചൂടിൽ  വാറ്റിയെടുത്തപോലെ മാദകമായ അത്തറിന്റെ മണം വേറിട്ടു പ്രസരിക്കും..പട്ടുറുമാൽ ചുറ്റി കിന്നരിത്തൊപ്പി വെച്ച ഒരു പ്രേംനസീർ 'റംസാനിലെ ചന്ദ്രികയോ..' എന്നു മനസ്സിലിരുന്നു പാടും. 'ടടണ്ടടടണ്ടടടണ്ടടൈം' എന്നൊരു ജയഭാരതി കണ്ണിമകൾ പടപടപ്പിച്ച് നാണംകുണുങ്ങും..കാഫ് മല കണ്ട പൂങ്കാറ്റേ എന്നൊരു പാട്ട് പൂവുപോലൊരു ശബ്ദത്തിൽ ഒഴുകിയെത്തും..മോയിൻകുട്ടിവൈദ്യരുടെ ബദർ പടപ്പാട്ടായി ആയിഷാബീഗം ഒരു കോളാമ്പിമൈക്കിലൂടെ നെഞ്ചിടിപ്പിക്കും..

കേശവൻ വൈദ്യരിൽ നിന്ന് മോയിൻ കുട്ടിവൈദ്യരിലേക്ക് ഒന്ന് കണ്ണടച്ചാലെത്തുന്ന ദൂരമേ ഉണ്ടായിരുന്നുള്ളൂ..!

ശ്രീനാരായണധർമ്മപരിപാലനം അതിന്റെ യഥാർത്ഥ അർത്ഥത്തിൽ നിർവ്വഹിച്ച് തൊണ്ണൂറ്റിമൂന്നാം വയസ്സിൽ അന്തരിച്ച കോട്ടയത്തുകാരൻ  കേശവൻ വൈദ്യരും   മാന്ത്രികസ്പർശമുള്ള  സാഹിത്യത്തിൽ ഇശലുകളുടെ വൈവിദ്ധ്യം വാരിവിതറിയിട്ട്   നാല്പതാം വയസ്സിൽ മലക്കുകളുടെ ലോകത്തേക്ക് യാത്രയായ കൊണ്ടോട്ടിക്കാരൻ മോയിൻ കുട്ടിവൈദ്യരും തമ്മിൽ സംസ്കൃതജ്ഞാനമൊഴിച്ച് മറ്റു സാമ്യതകളൊന്നും തന്നെ ഉണ്ടെന്നു തോന്നുന്നില്ല. എങ്കിലും ഒറ്റപ്പാലം മുതൽ കോട്ടക്കൽ വരെയുള്ള വള്ളുവനാടൻ ഏറനാടൻ പരിസരങ്ങളിൽ വളർന്നുവന്ന എന്നെപ്പോലൊരാൾക്ക്  ഇപ്പോഴും വെറുമൊരു സോപ്പുമണം കൊണ്ട് ഇവരെ കൂട്ടിമുട്ടിക്കാവുന്നതേ ഉള്ളൂ 

കട്ടിളശ്ശേരി മുസലിയാരും കള്ളിമുണ്ടുടുത്ത് തലയിൽ കെട്ടി നടന്നിരുന്ന എം.പി. നാരായണമേനോനും നടന്നിരുന്ന പുഴക്കാട്ടിരിയിലും ചാപ്പനങ്ങാടിയിലും പടപ്പറമ്പിലുമൊക്കെ ഹിന്ദുമുസ്ലിം സാഹോദര്യത്തിന്റെ വാത്സല്യബാക്കികൾ  ഒറ്റയ്ക്കു ബസ്സു കാത്തു നിൽക്കുന്ന എന്റെ കൗമാരകാലത്തിന് നിറയെ പാൽച്ചായ അടിച്ചു തന്നിട്ടുണ്ട്. ചെറുകാടിന്റെ ജീവിതപ്പാത കഴിഞ്ഞാൽ കുട്ടിക്കാലത്തു വായിച്ച ഏറ്റവും ഹൃദയസ്പർശിയായ അനുഭവാഖ്യാനം മോഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ 'ഖിലാഫത്ത് സ്മരണകൾ' ആയിരുന്നു. ഇന്നത്തെ കാലത്ത് അത് എങ്ങനെയാണ് വായിച്ചെടുക്കപ്പെടുക എന്നറിയില്ലെങ്കിലും മലപ്പുറം വഴി ബസ്സിൽ പോവുമ്പോൾ കാണുന്ന എം.എസ്.പി ക്യാമ്പ് മറ്റേതൊരു ചരിത്രസ്മാരകത്തേക്കാളും ഉൾഞരമ്പുകളിൽ ഒരു തരിപ്പുണ്ടാക്കിയിട്ടുണ്ടെന്നുള്ളത് സത്യമാണ്.

മലപ്പുറം പിന്നീട് കടന്നുപോയത് ഏതൊക്കെ വഴികളിലൂടെയാണെന്നറിയില്ല. മലപ്പുറത്തെ ചില സ്കൂളുകളിൽ വട്ടത്തൊപ്പിക്കു പകരം ‘ജയ് ശ്രീരാം’ എന്നെഴുതിയ തലേക്കെട്ടുകെട്ടി കുട്ടികളെ സ്കൂളിൽ പറഞ്ഞയച്ചിരുന്ന കഥ സ: എ.വിജയരാഘവൻ പറഞ്ഞുകേട്ടിട്ടുണ്ട്. മിലാഡി ഷെറീഫിന്റെ വർണ്ണക്കൊടിജാഥകൾക്കു പകരത്തിനു പകരം ‘റോബിൻ ബ്ലൂ’ കൃഷ്ണന്മാരുടെ ശോഭായാത്ര അന്നത്ര തുടങ്ങിയിട്ടില്ലായിരുന്നെന്നു തോന്നുന്നു.

ഒട്ടും അക്രമാസക്തമാവാതിരുന്ന മതങ്ങളുടെ ഒട്ടും പിടിവാശികളില്ലാത്ത പ്രാദേശികപൗരോഹിത്യം ഇടപെടുകയേ ചെയ്യാതിരുന്ന,  വളരെ ലളിതമായ ജീവിതചക്രത്തിൽ ഒതുങ്ങിക്കൂടിയിരുന്ന ഒരു നാട്ടിൻപുറത്തെ ചെറിയ സമൂഹത്തിൽ വളർന്നതുകൊണ്ട് ആഘോഷവും സന്തോഷവുമുള്ള അവസരങ്ങളായല്ലാതെ മതങ്ങൾ കുട്ടിക്കാലത്ത് പരസ്പരം പടികടന്നുവന്നിട്ടില്ല. നോമ്പുകാലത്ത് കോഴിക്കറിയും പത്തിരിയും പുഴുങ്ങിയ മുളങ്കൂമ്പും ഇന്നും പേരറിയാത്ത കുറേ മധുരപലഹാരങ്ങളുമായി ഇങ്ങോട്ടും ഓണക്കാലത്ത് അവിയലും പായസവും തിരുവാതിരക്ക് കൂവ വെരുകിയതുമായി അങ്ങോട്ടും കയറിയിറങ്ങുന്ന സൗഹൃദത്തിന്റെ വെളിപ്പെടുത്തലുകളായിരുന്നു മതങ്ങൾ.

ഓർമ്മകൾ തിരക്കിക്കൂടിനിൽക്കുന്ന ഒരു സ്കൂൾവരാന്തയുടെ അറ്റത്ത് ഇപ്പോഴും കസവുതട്ടവും കാച്ചിയുമുടുത്ത് കൂട്ടുപുരികം വരച്ചൊരു പി.കെ.ചന്ദ്രിക ഒപ്പനക്കൊരുങ്ങി ഗ്രീൻറൂമിൽ നിന്ന് എത്തിനോക്കുന്നുണ്ട്. പച്ചഗിൽട്ടു പിടിപ്പിച്ച ഫാൻസി പാലക്കാമാലയിട്ടൊരു സൈനബ തിരുവാതിരക്കളിയുടെ ചെസ്റ്റ് നമ്പർ വേഷ്ടിയിൽ പിന്നുകുത്തുന്നുണ്ട്. തട്ടമൂരിവെച്ച് പുറത്തുചാടിയ മുടിപ്പരപ്പ് ഒരു രാധട്ടീച്ചർ വാത്സല്യത്തോടെ ഇഴയെടുത്ത് കെട്ടുന്നുണ്ട്..

രാത്രി 9 മണിയായിട്ടും സൂര്യനസ്തമിക്കാത്ത ഒരു കടലിന്റെ നടുക്കിലിരുന്ന് ഇതൊക്കെയോർക്കുമ്പോൾ കിഴക്കേക്കരയിലുള്ളവരൊക്കെ നോമ്പു തുറന്നു കഴിഞ്ഞിരിക്കും..കൊളംബസ് പടിഞ്ഞാട്ടുപോയി എത്തിച്ചേർന്ന കര തൊട്ടങ്ങോട്ട് മാവു കുഴക്കുന്നതേ ഉണ്ടാവൂ.. എല്ലാ സമയരേഖയിലുള്ളവർക്കും ഗ്രീൻ വിച്ച് സമയത്തിൽ വിശുദ്ധിയുടെയും സാഹോദര്യത്തിന്റേയും സന്തുഷ്ടമായ നോമ്പുകാലം ആശംസിക്കട്ടെ..

വാൽക്കഷ്ണം:
ചന്ദ്രികാസോപ്പ് വിതരണം ചെയ്യുന്നത് ഇപ്പോൾ വിപ്രോ ആണ്..എങ്കിലും C.R.K എന്നൊരു ഇനീഷ്യൽ നക്ഷത്രം ചന്ദ്രക്കലയ്ക്കു മുകളിൽ ഇപ്പോഴും തിളങ്ങുന്നുണ്ട്. ഏതു പാക്കിംഗിലും ഏതു സോപ്പുപെട്ടിയിലും ചന്ദ്രിക തരുന്ന ഓർമ്മകൾക്ക് ഒരേ മാസ്മരഗന്ധമാണ്. 

ചന്ദ്രികാ പത്രത്തിന്റെ മാനേജിങ്ങ് ഡയറക്ടർ പാണക്കാട് സയ്യദ് ഹൈദരലി ശിഹാബ് തങ്ങൾക്കോ മോയിൻകുട്ടി വൈദ്യരുടെ കുണ്ടോട്ടിയിലെ മുൻ എം.എൽ.എയും ഇപ്പോഴത്തെ ഏറനാട് എം.എൽ.എ യുമായ ജനാബ് പി.കെ.ബഷീറിനോ എന്നെപ്പോലുള്ളവർക്ക് കേശവൻവൈദ്യരുടെ ചന്ദ്രികാ സോപ്പുമണം തരുന്ന അനുഭൂതിയുടെ ഗുട്ടൻസ്  ഒരുപക്ഷെ മനസ്സിലാവില്ല.. കേശവൻ വൈദ്യർ കൊണ്ടുനടന്ന എസ്.എൻ.ഡി.പിയുടെ ഇന്നത്തെ അമരക്കാരൻ ശ്രീമാൻ വെള്ളാപ്പള്ളിക്ക് അത്രയുമില്ല. ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട്  കോഴിക്കോട്ടുകാരൻ ശ്രീമാൻ വി.മുരളീധരനോ ചുരുങ്ങിയത് മലപ്പുറത്തുകാരി ശ്രീമതി. ശോഭാ സുരേന്ദ്രനോ മനസ്സിലാവുമോ ആവോ..!?

2010, മാർച്ച് 27, ശനിയാഴ്‌ച

ഒരു കുറുക്കന്‍ കഥ

(കുട്ടികള്‍ക്ക് ഈണത്തില്‍ വായിച്ചുകൊടുക്കാന്‍)

നീലച്ചായത്തില്‍ മുങ്ങി പോലീസായ ഒരു കുറുക്കന്‍വണ്ടി ഒരു കോഴിവണ്ടിയുടെ പിന്നാലെ ഓടി ക്ഷീണിച്ചുനില്‍ക്കുകയായിരുന്നു. അപ്പോഴാണ് ചിറ്റൂരില്‍ നിന്നും കണ്ണൂരിലേക്ക് പോവുന്ന ഒരു കള്ളുവണ്ടി ആ വഴി വന്നത്. വണ്ടിയോടിച്ചിരുന്ന കൊക്കുചേട്ടന്‍ കള്ളു നിറച്ച കുഴലന്‍പാത്രങ്ങള്‍ ചൂണ്ടിക്കാണിച്ച് കുറുക്കന്‍ചേട്ടനോടു ചോദിച്ചു..
“കുറുക്കന്‍ ചേട്ടാ..കുറുക്കന്‍ ചേട്ടാ..ക്ഷീണം മാറ്റാന്‍ ഇത്തിരി വീശുന്നോ..?”
പഴയ കഥകള്‍ ഓര്‍മ്മയുള്ള കുറുക്കന്‍ ചേട്ടന്‍ നിന്റെ ആ പഴയ വേല മനസ്സിലിരിക്കട്ടെ എന്നു ചിന്തിച്ച് പരന്ന തൊപ്പി മലര്‍ത്തിപ്പിടിച്ച് അതില്‍ കള്ളൊഴിച്ചുകുടിച്ചു.
കൊക്കുചേട്ടന്‍ കണ്ണൂര്‍ക്ക് വണ്ടിയോടിച്ചുപോയി.
അപ്പോള്‍ മലപ്പുറത്തേക്ക് അപ്പവും കയറ്റി ഒരു കാക്കവണ്ടി വന്നു..
സൂത്രശാലിയായ കുറുക്കന്‍ ചോദിച്ചു..
“കാക്കേ കാക്കേ..ഒരു പാട്ടുപാടിത്തരാമോ..”
കാക്കയും ജലപാത്രവും എന്ന ഒന്നാം ക്ലാസ് കഥയിലെ ലളിതതത്വങ്ങളാല്‍ അപ്പങ്ങളെമ്പാടും ചുട്ട് ലോറിയുടെ മുകള്‍പ്പരപ്പില്‍ പൊന്തിച്ചുവെച്ച കാക്കയ്ക്കും എല്ലാ കഥകളും ബൈഹാര്‍ട്ടായിരുന്നു.
തഞ്ചമറിയാവുന്ന കാക്ക മഹാകവി മോയിന്‍കുട്ടിവൈദ്യരുടെ ഒരു പഴയ ഗാനം വീയെം കുട്ടിയുടേയും വിളയില്‍ വത്സല(ഫസീല)യുടേയും ശബ്ദത്തില്‍ സീഡിയില്‍ ഇട്ടുകൊടുത്തു.
കള്ളിന്റെ ലഹരിയും മാപ്പിളപ്പാട്ടിന്റെ ഇശല്‍മധുരവും കൂടിയായപ്പോള്‍ കുറുക്കന്‍ മയങ്ങിപ്പോയി. കാക്ക മലപ്പുറത്തേക്ക് വണ്ടിയോടിച്ചുപോയി.
രണ്ടുചെറിയ ശബ്ദങ്ങള്‍ കുറുക്കന്‍ചേട്ടനെ വിളിച്ചുണര്‍ത്തി..
നോക്കുമ്പോള്‍ ചെങ്കൊടി പിടിച്ച ഒരു ആമയും ഖദറിട്ടു കുട്ടപ്പനായ ഒരു മുയലും..
രണ്ടു പേരും ഒന്നിച്ചു ചോദിച്ചു..
“കുറുക്കന്‍ചേട്ടാ..കുറുക്കന്‍ചേട്ടാ..ചേട്ടനു ഞങ്ങള്‍ രണ്ടാളെയും അറിയാമല്ലോ..ചേട്ടന്‍ തന്നെ പറയൂ..ഞങ്ങളീല്‍ ആരാണു കേമന്‍..?”
എന്തെങ്കിലുമൊരു സൂത്രം ആലോചിക്കും മുമ്പ് ഒരു ആനവണ്ടിയില്‍ കുറേ കഴുതകള്‍ അവിടെ വന്നിറങ്ങി മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി..
“പുല്ലാണേ..പുല്ലാണേ..പോലീസ് ഞങ്ങള്‍ക്കു പുല്ലാണേ..”
മരങ്ങളുടെ മറവില്‍ പുല്ലു തിന്നുകയായിരുന്ന കുറേ പുലികള്‍ ബഹളം കേട്ട് പരിഭ്രമിച്ച് പത്രസമ്മേളനം വിളിച്ചു..
“ഞങ്ങളൊക്കെ പുല്ലു തിന്നുകയായിരുന്നു എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്..സത്യത്തില്‍ ഞങ്ങള്‍ പുല്ലില്‍ പല്ലിലെ ചോര തുടയ്ക്കുകയായിരുന്നു..തെളിഞ്ഞ സാംസ്കാരികനിശ്ചലതയുടെ സ്വച്ഛന്ദജലപ്രതലത്തെ കലക്കിമറിക്കുന്ന ആട്ടിന്‍കുട്ടികളെ ഞങ്ങള്‍ക്കുവേണ്ടി പിടിച്ചുകൊണ്ടുവരാന്‍ ചെന്നായ്ക്കളെ ഞങ്ങള്‍ വാടകക്കെടുത്തിരിക്കുന്നു എന്ന പ്രചരണം വ്യാജമാണ്. സ്വന്തമായി ഇരതേടിപ്പിടിക്കാനുള്ള ശക്തിക്കു വേണ്ട കുഴമ്പും തൈലവുമൊക്കെ മേടിക്കാന്‍ പെന്‍ഷന്‍ തന്നെ ധാരാളം. ഇടയ്ക്കൊന്നു ഗര്‍ജ്ജിക്കാന്‍ മൈക്കിന്റെ സഹായം വേണമെന്നു വെച്ച്..”
വിവരം കെട്ട കഴുതകള്‍ അപ്പോഴും ബഹളം വെച്ചുകൊണ്ടിരുന്നു..
“പുല്ലാണേ..പുല്ലാണേ..”

2010, മാർച്ച് 2, ചൊവ്വാഴ്ച

കാഞ്ഞിരപ്പുഴ പ്രണയപദ്ധതി

        കാട്ടരുവിയുടെ കാനനച്ഛായകള്‍ തൊട്ട്  അഴിമുഖത്തെ വിശാലതീരം വരെ സമീപപ്രദേശങ്ങളിലുള്ള പ്രണയങ്ങള്‍ക്കെല്ലാം പശ്ചാത്തലമായി ഒഴുകുക എന്ന ഭാരിച്ച ഉത്തരവാദിത്തം പുഴകള്‍ക്കുണ്ട്. ഇത്തരത്തില്‍ ചിന്തിച്ചാല്‍  എത്രയോ ടി.എം.സി. (ഏതുറക്കത്തില്‍ വിളിച്ചെണീപ്പിച്ചാലും ആളിയാര്‍ കരാറിനെക്കുറിച്ച് ക്ലാസെടുത്തു കൊടുക്കുന്ന കെ.കൃഷ്ണന്‍കുട്ടിയേട്ടന്‍ ബൈഹാര്‍ട്ടാക്കിത്തന്ന സംഗതിയാണ് ടി.എം.സി) പ്രണയപശ്ചാത്തലസാദ്ധ്യതകളാണ് ഒരു അണക്കെട്ടില്‍ തടഞ്ഞുനിര്‍ത്തപ്പെടുന്നത്.
         ഈ കാരണം കൊണ്ടു തന്നെ കാഞ്ഞിരപ്പുഴ അണക്കെട്ടു വന്നതോടെ  പ്രണയസംബന്ധമായ ഒരു വരള്‍ച്ച വള്ളുവനാടിന്റെ കിഴക്കന്‍ മേഖലയില്‍ അനുഭവപ്പെടുകയുണ്ടായി.കൂടല്ലൂരില്‍ നാടന്‍ രീതിയില്‍ ജലസേചനം നടത്തിപ്പോന്നിരുന്ന എം.ടി.വാസുദേവന്‍ നായര്‍ എന്ന കര്‍ഷകന്‍ അപ്പോഴേക്കും ഒരു വ്യവസായിയായി കോഴിക്കോട്ടേക്ക് താമസം മാറ്റിയിരുന്നു. കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം, വെള്ളിനേഴി, ചെര്‍പ്പുളശ്ശേരി പഞ്ചായത്തുകള്‍, ഒറ്റപ്പാലത്തെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ അതികഠിനമായ വരള്‍ച്ച മൂലം യുവഹൃദയങ്ങള്‍ വിണ്ടുകീറാന്‍ തുടങ്ങി.
         ഈ ഘട്ടത്തിലാണ് എഞ്ചിനീയറിങ്ങ് രംഗത്ത് വൈകിയാണെങ്കിലും വന്നു ചേര്‍ന്ന കാല്പനികതയുടെ പ്രതിഫലനങ്ങള്‍ സര്‍ക്കാരിന്റെ നിര്‍മ്മാണരംഗത്ത് പ്രതിഫലിച്ചുതുടങ്ങിയത്. വള്ളുവനാടിന്റെ കിഴക്കന്‍ മേഖലയിലെ യുവഹൃദയങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ പ്രൊജക്ടിന് അങ്ങനെ തുടക്കമായി.
      ജനകീയമായ പ്രണയത്തിന്റെ ഒരു വസന്തകാലമാണ് അതോടെ പൂത്തുലഞ്ഞത്. ഭൂമീദേവി പുഷ്പിണിയായി എന്ന സിനിമയില്‍ നസീറും മധുവും ജയഭാരതിയും വിധുബാലയും കുട്ടവട്ടികളും കൈക്കോട്ടുപിക്കാസുകളുമായി താളത്തില്‍ നടന്നു നീങ്ങുന്ന രംഗം മനസ്സില്‍ നിന്നു  മാഞ്ഞുപോയിട്ടില്ലാത്ത നാട്ടുകാര്‍ കനാല്‍വെള്ളമിരമ്പിവരുന്ന അവസാനരംഗം സ്വപ്നം കണ്ടുകൊണ്ട് എസ്.എസ്.എല്‍.സി എന്ന കടമ്പ കടക്കാത്ത ലോക്കല്‍ ജയഭാരതിമാരേയും പ്രേംനസീര്‍മാരേയും കനാല്‍പണിക്ക് ആശീര്‍വദിച്ചയച്ചു.
ഇതാ ഇവിടെ വരെ, എന്നെ ചുംബിക്കരുതേ, ശാലിനി എന്റെ കൂട്ടുകാരി എന്നൊക്കെ ഇനാമല്‍ പെയിന്റ് പുഷ്പങ്ങളാല്‍ പിന്നില്‍ അലങ്കരിച്ചെഴുതിയ തുറന്ന ലോറികളില്‍ ഗ്രാമീണയൌവ്വനം കനാല്‍ സൈറ്റുകളിലേക്ക് ഇരമ്പിനീങ്ങി. ലോറിക്കുലുക്കങ്ങളിലും ചായകുടിച്ചിരികളിലും ചോറ്റുപാത്രസംയോജന ങ്ങളിലുമൊക്കെയായി നിരവധി ഗ്രാമീണപ്രണയങ്ങള്‍ ഒരു സര്‍ക്കാര്‍ തീവ്രയത്നപരിപാടിയേക്കാള്‍ പതിന്മടങ്ങ് തീവ്രതയിലും വേഗത്തിലും നാടുനീളെ പടര്‍ന്നു.
  അപ്പോഴേക്കും മാത്തുക്കുട്ടിച്ചായന്റെ പത്രം നല്‍കുന്ന കൃഷിപാഠങ്ങളനുസരിച്ച്, എം.ടി.വാസുദേവന്‍നായരുടെ ഉദ്പാദനശേഷി കുറഞ്ഞ കൃഷിരീതികള്‍ വിട്ട് മുട്ടത്തു വര്‍ക്കി, കാനം.ഇ.ജെ, സി.എല്‍.ജോസ് തുടങ്ങിയവരുടെ ഉദ്പാദനശേഷി കൂടിയ തെക്കന്‍ രീതികളിലേക്ക് വള്ളുവനാടന്‍ പ്രണയം മൊത്തമായും മാറാന്‍ തുടങ്ങിയിരുന്നു.കോട്ടയം പുഷ്പനാഥ്, നീലകണ്ഠന്‍ പരമാര തുടങ്ങിയ അത്യുഗ്രശേഷിയുള്ള കീടനാശിനികളും തോട്ടുവക്കത്ത് അവസാനിക്കുന്ന അപൂര്‍വ്വം നിഷ്ഫലപ്രണയങ്ങള്‍ ബാക്കിവെച്ചു പോവുന്ന എന്‍ട്രിന്‍, പരാമര്‍ എന്നിവയോടൊപ്പം വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു.യു.പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പോലും വരമീശ വെച്ച് പൊന്നമ്മേ..അന്നമ്മേ..ലില്ലിക്കുട്ടീ..എന്നൊക്കെവിളിച്ച് പ്രണയനിര്‍ഭരരായി നാടകം കളിച്ചു.ബ്രഹ്മസ്വം വക റബ്ബര്‍ തോട്ടങ്ങളില്‍ ടാപ്പിംഗിനായി എത്തിച്ചേര്‍ന്ന ചുരുക്കം കൃസ്ത്യാനികുടുംബങ്ങളിലെ ചട്ടയും മുണ്ടുമുടുത്ത മദ്ധ്യവയസ്കരായ കുടുംബിനികള്‍  കൊടുവാള്‍പ്പിടിയുടെ പരുപരുപ്പ് മാറാത്ത കൈകള്‍ കൂട്ടിത്തിരുമ്മി, കൂസലില്ലാത്ത കോട്ടയംലജ്ജയോടെ‍ നാടകം കണ്ട് പരസ്യമായി വിവശരായി.

      ഇതിനു പുറമെയാണ് ഒരു രൂപയ്ക്ക് ഒരു മംഗളം എന്ന മുദ്രാവാക്യവുമായി കോട്ടയത്തുനിന്നും വര്‍ഗ്ഗീസുചേട്ടന്‍ കൂടി മാത്തുക്കുട്ടിച്ചായന്‍ കാണിച്ച ബിസിനസ്സിലിറങ്ങിയത്. പ്രണയത്തിന് അവശ്യം വേണ്ട സാഹിത്യത്തിന് എസ്.എസ്.എല്‍.സി എന്ന കടമ്പ ഒരു തടസ്സമല്ലെന്ന് യുവതലമുറയ്ക്ക് ബോദ്ധ്യപ്പെട്ടത് മംഗളത്തിന്റെ കടന്നുവരവോടെയാണ്. വീട്ടിലേക്ക് ഉപ്പും മുളകും വാങ്ങുന്ന കൂട്ടത്തില്‍ ഒരു രൂപയുടെ മംഗളവും ചുരുട്ടിപ്പിടിച്ച് ലോറിയിറങ്ങി കണ്ണുകള്‍ കൊണ്ട് യാത്ര പറയുന്ന പ്രണയജോഡികള്‍ ഗ്രാമീണനാല്‍ക്കവലകളുടെ (നാലുംകൂട്യോടം എന്നു വള്ളുവനാടന്‍ ഭാഷ്യം) വൈകുന്നേരക്കാഴ്ചകളായിരുന്നു.
      പ്രണയഭരിതമായ കനാല്‍വെട്ടല്‍ വര്‍ഷങ്ങളോളം നീണ്ടുനിന്നു. വെള്ളം മുകളില്‍ നിന്നും താഴേക്കൊഴുകുന്നു എന്ന സാമ്പ്രദായികസങ്കല്പത്തെപ്പോലും വെല്ലുവിളിച്ചുകൊണ്ടാണ് ചില പ്രദേശങ്ങളില്‍ പണി പൂര്‍ത്തിയായത്. പദ്ധതിയുടെ പേരില്‍ കെ.പി.ഐ.പി പ്രണയങ്ങള്‍ എന്നു വിളിക്കാവുന്ന തൊഴിലിടപ്രണയങ്ങളില്‍ ഭൂരിഭാഗവും ദാമ്പത്യത്തിലവസാനിച്ചു. ചിലവ വിപ്ലവകരമായും ചിലവ സൌകര്യപ്രദമായും. അവിഹിതഗര്‍ഭങ്ങളുടെ ദുരന്തങ്ങളായി അവസാനിച്ച ചില ജീവിതങ്ങള്‍ക്ക് മംഗളത്തിലെ മന:ശാസ്ത്രജ്ഞന് വഴി കാണിച്ചുകൊടുക്കാനായില്ല. കല്യാണം കഴിയാതെപോയ ചുരുക്കം നിര്‍ഭാഗ്യവതികള്‍ക്ക് “ഓള് പ്പൊ കനാല് പണിക്കൊക്കെപ്പോയി ത്തിരി ഫോര്‍വേഡായടക്ക്ണൂ” എന്ന് വെറുതേ സ്വഭാവദൂഷ്യം ആരോപിക്കപ്പെടുന്ന അവസ്ഥയുമുണ്ടായി. 
        വര്‍ഷങ്ങള്‍ പിന്നിട്ട ശേഷവും കാഞ്ഞിരപ്പുഴ ഡാമില്‍ നിന്നു തുറന്നുവിട്ട ഒരു തുള്ളി വെള്ളം പോലും ഇവിടെ പലയിടത്തും എത്തിയിട്ടില്ലെങ്കിലും പദ്ധതി സൃഷ്ടിച്ച പ്രണയവിപ്ലവം നനവുള്ള ഓര്‍മ്മകളായി ഞങ്ങളില്‍ ബാക്കി നില്‍ക്കുന്നു. ഇപ്പോള്‍ കുടുസ്സുഷര്‍ട്ടുമിട്ട്, അനാവൃതമായ പിന്‍പോക്കറ്റില്‍ തിരുകിയ ചൈനീസ് മൊബൈലിലെ എസ്.എം.എസ്സായി പ്രണയം കൊണ്ടുനടക്കുന്ന പുത്തന്‍ തലമുറ, തൊഴിലില്ലായ്മയുടെ ദയനീയതക്കിടയില്‍ പ്രണയസുരഭിലമായി അദ്ധ്വാനിച്ച ആ തലമുറയെയോര്‍ത്ത് അല്പനേരം കനാല്‍വര‍മ്പത്തിരുന്ന് രോമാഞ്ചം കൊള്ളേണ്ടതാണ്.