2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

എങ്കിലും ചന്ദ്രികേ..പഴയ ചന്ദ്രികാ സോപ്പിന്റെ പച്ചപ്പെട്ടി കാണുമ്പോൾ C.R.K എന്ന കേശവൻ വൈദ്യരുടെ ചിഹ്നം പച്ച പശ്ചാത്തലത്തിലല്ലെങ്കിലും ഒരു ചന്ദ്രനേയും നക്ഷത്രത്തേയും ഓർമ്മിപ്പിക്കും..കുളിർമ്മയുള്ള സോപ്പുമണത്തിൽ നിന്ന് ചുംബനച്ചൂടിൽ  വാറ്റിയെടുത്തപോലെ മാദകമായ അത്തറിന്റെ മണം വേറിട്ടു പ്രസരിക്കും..പട്ടുറുമാൽ ചുറ്റി കിന്നരിത്തൊപ്പി വെച്ച ഒരു പ്രേംനസീർ 'റംസാനിലെ ചന്ദ്രികയോ..' എന്നു മനസ്സിലിരുന്നു പാടും. 'ടടണ്ടടടണ്ടടടണ്ടടൈം' എന്നൊരു ജയഭാരതി കണ്ണിമകൾ പടപടപ്പിച്ച് നാണംകുണുങ്ങും..കാഫ് മല കണ്ട പൂങ്കാറ്റേ എന്നൊരു പാട്ട് പൂവുപോലൊരു ശബ്ദത്തിൽ ഒഴുകിയെത്തും..മോയിൻകുട്ടിവൈദ്യരുടെ ബദർ പടപ്പാട്ടായി ആയിഷാബീഗം ഒരു കോളാമ്പിമൈക്കിലൂടെ നെഞ്ചിടിപ്പിക്കും..

കേശവൻ വൈദ്യരിൽ നിന്ന് മോയിൻ കുട്ടിവൈദ്യരിലേക്ക് ഒന്ന് കണ്ണടച്ചാലെത്തുന്ന ദൂരമേ ഉണ്ടായിരുന്നുള്ളൂ..!

ശ്രീനാരായണധർമ്മപരിപാലനം അതിന്റെ യഥാർത്ഥ അർത്ഥത്തിൽ നിർവ്വഹിച്ച് തൊണ്ണൂറ്റിമൂന്നാം വയസ്സിൽ അന്തരിച്ച കോട്ടയത്തുകാരൻ  കേശവൻ വൈദ്യരും   മാന്ത്രികസ്പർശമുള്ള  സാഹിത്യത്തിൽ ഇശലുകളുടെ വൈവിദ്ധ്യം വാരിവിതറിയിട്ട്   നാല്പതാം വയസ്സിൽ മലക്കുകളുടെ ലോകത്തേക്ക് യാത്രയായ കൊണ്ടോട്ടിക്കാരൻ മോയിൻ കുട്ടിവൈദ്യരും തമ്മിൽ സംസ്കൃതജ്ഞാനമൊഴിച്ച് മറ്റു സാമ്യതകളൊന്നും തന്നെ ഉണ്ടെന്നു തോന്നുന്നില്ല. എങ്കിലും ഒറ്റപ്പാലം മുതൽ കോട്ടക്കൽ വരെയുള്ള വള്ളുവനാടൻ ഏറനാടൻ പരിസരങ്ങളിൽ വളർന്നുവന്ന എന്നെപ്പോലൊരാൾക്ക്  ഇപ്പോഴും വെറുമൊരു സോപ്പുമണം കൊണ്ട് ഇവരെ കൂട്ടിമുട്ടിക്കാവുന്നതേ ഉള്ളൂ 

കട്ടിളശ്ശേരി മുസലിയാരും കള്ളിമുണ്ടുടുത്ത് തലയിൽ കെട്ടി നടന്നിരുന്ന എം.പി. നാരായണമേനോനും നടന്നിരുന്ന പുഴക്കാട്ടിരിയിലും ചാപ്പനങ്ങാടിയിലും പടപ്പറമ്പിലുമൊക്കെ ഹിന്ദുമുസ്ലിം സാഹോദര്യത്തിന്റെ വാത്സല്യബാക്കികൾ  ഒറ്റയ്ക്കു ബസ്സു കാത്തു നിൽക്കുന്ന എന്റെ കൗമാരകാലത്തിന് നിറയെ പാൽച്ചായ അടിച്ചു തന്നിട്ടുണ്ട്. ചെറുകാടിന്റെ ജീവിതപ്പാത കഴിഞ്ഞാൽ കുട്ടിക്കാലത്തു വായിച്ച ഏറ്റവും ഹൃദയസ്പർശിയായ അനുഭവാഖ്യാനം മോഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ 'ഖിലാഫത്ത് സ്മരണകൾ' ആയിരുന്നു. ഇന്നത്തെ കാലത്ത് അത് എങ്ങനെയാണ് വായിച്ചെടുക്കപ്പെടുക എന്നറിയില്ലെങ്കിലും മലപ്പുറം വഴി ബസ്സിൽ പോവുമ്പോൾ കാണുന്ന എം.എസ്.പി ക്യാമ്പ് മറ്റേതൊരു ചരിത്രസ്മാരകത്തേക്കാളും ഉൾഞരമ്പുകളിൽ ഒരു തരിപ്പുണ്ടാക്കിയിട്ടുണ്ടെന്നുള്ളത് സത്യമാണ്.

മലപ്പുറം പിന്നീട് കടന്നുപോയത് ഏതൊക്കെ വഴികളിലൂടെയാണെന്നറിയില്ല. മലപ്പുറത്തെ ചില സ്കൂളുകളിൽ വട്ടത്തൊപ്പിക്കു പകരം ‘ജയ് ശ്രീരാം’ എന്നെഴുതിയ തലേക്കെട്ടുകെട്ടി കുട്ടികളെ സ്കൂളിൽ പറഞ്ഞയച്ചിരുന്ന കഥ സ: എ.വിജയരാഘവൻ പറഞ്ഞുകേട്ടിട്ടുണ്ട്. മിലാഡി ഷെറീഫിന്റെ വർണ്ണക്കൊടിജാഥകൾക്കു പകരത്തിനു പകരം ‘റോബിൻ ബ്ലൂ’ കൃഷ്ണന്മാരുടെ ശോഭായാത്ര അന്നത്ര തുടങ്ങിയിട്ടില്ലായിരുന്നെന്നു തോന്നുന്നു.

ഒട്ടും അക്രമാസക്തമാവാതിരുന്ന മതങ്ങളുടെ ഒട്ടും പിടിവാശികളില്ലാത്ത പ്രാദേശികപൗരോഹിത്യം ഇടപെടുകയേ ചെയ്യാതിരുന്ന,  വളരെ ലളിതമായ ജീവിതചക്രത്തിൽ ഒതുങ്ങിക്കൂടിയിരുന്ന ഒരു നാട്ടിൻപുറത്തെ ചെറിയ സമൂഹത്തിൽ വളർന്നതുകൊണ്ട് ആഘോഷവും സന്തോഷവുമുള്ള അവസരങ്ങളായല്ലാതെ മതങ്ങൾ കുട്ടിക്കാലത്ത് പരസ്പരം പടികടന്നുവന്നിട്ടില്ല. നോമ്പുകാലത്ത് കോഴിക്കറിയും പത്തിരിയും പുഴുങ്ങിയ മുളങ്കൂമ്പും ഇന്നും പേരറിയാത്ത കുറേ മധുരപലഹാരങ്ങളുമായി ഇങ്ങോട്ടും ഓണക്കാലത്ത് അവിയലും പായസവും തിരുവാതിരക്ക് കൂവ വെരുകിയതുമായി അങ്ങോട്ടും കയറിയിറങ്ങുന്ന സൗഹൃദത്തിന്റെ വെളിപ്പെടുത്തലുകളായിരുന്നു മതങ്ങൾ.

ഓർമ്മകൾ തിരക്കിക്കൂടിനിൽക്കുന്ന ഒരു സ്കൂൾവരാന്തയുടെ അറ്റത്ത് ഇപ്പോഴും കസവുതട്ടവും കാച്ചിയുമുടുത്ത് കൂട്ടുപുരികം വരച്ചൊരു പി.കെ.ചന്ദ്രിക ഒപ്പനക്കൊരുങ്ങി ഗ്രീൻറൂമിൽ നിന്ന് എത്തിനോക്കുന്നുണ്ട്. പച്ചഗിൽട്ടു പിടിപ്പിച്ച ഫാൻസി പാലക്കാമാലയിട്ടൊരു സൈനബ തിരുവാതിരക്കളിയുടെ ചെസ്റ്റ് നമ്പർ വേഷ്ടിയിൽ പിന്നുകുത്തുന്നുണ്ട്. തട്ടമൂരിവെച്ച് പുറത്തുചാടിയ മുടിപ്പരപ്പ് ഒരു രാധട്ടീച്ചർ വാത്സല്യത്തോടെ ഇഴയെടുത്ത് കെട്ടുന്നുണ്ട്..

രാത്രി 9 മണിയായിട്ടും സൂര്യനസ്തമിക്കാത്ത ഒരു കടലിന്റെ നടുക്കിലിരുന്ന് ഇതൊക്കെയോർക്കുമ്പോൾ കിഴക്കേക്കരയിലുള്ളവരൊക്കെ നോമ്പു തുറന്നു കഴിഞ്ഞിരിക്കും..കൊളംബസ് പടിഞ്ഞാട്ടുപോയി എത്തിച്ചേർന്ന കര തൊട്ടങ്ങോട്ട് മാവു കുഴക്കുന്നതേ ഉണ്ടാവൂ.. എല്ലാ സമയരേഖയിലുള്ളവർക്കും ഗ്രീൻ വിച്ച് സമയത്തിൽ വിശുദ്ധിയുടെയും സാഹോദര്യത്തിന്റേയും സന്തുഷ്ടമായ നോമ്പുകാലം ആശംസിക്കട്ടെ..

വാൽക്കഷ്ണം:
ചന്ദ്രികാസോപ്പ് വിതരണം ചെയ്യുന്നത് ഇപ്പോൾ വിപ്രോ ആണ്..എങ്കിലും C.R.K എന്നൊരു ഇനീഷ്യൽ നക്ഷത്രം ചന്ദ്രക്കലയ്ക്കു മുകളിൽ ഇപ്പോഴും തിളങ്ങുന്നുണ്ട്. ഏതു പാക്കിംഗിലും ഏതു സോപ്പുപെട്ടിയിലും ചന്ദ്രിക തരുന്ന ഓർമ്മകൾക്ക് ഒരേ മാസ്മരഗന്ധമാണ്. 

ചന്ദ്രികാ പത്രത്തിന്റെ മാനേജിങ്ങ് ഡയറക്ടർ പാണക്കാട് സയ്യദ് ഹൈദരലി ശിഹാബ് തങ്ങൾക്കോ മോയിൻകുട്ടി വൈദ്യരുടെ കുണ്ടോട്ടിയിലെ മുൻ എം.എൽ.എയും ഇപ്പോഴത്തെ ഏറനാട് എം.എൽ.എ യുമായ ജനാബ് പി.കെ.ബഷീറിനോ എന്നെപ്പോലുള്ളവർക്ക് കേശവൻവൈദ്യരുടെ ചന്ദ്രികാ സോപ്പുമണം തരുന്ന അനുഭൂതിയുടെ ഗുട്ടൻസ്  ഒരുപക്ഷെ മനസ്സിലാവില്ല.. കേശവൻ വൈദ്യർ കൊണ്ടുനടന്ന എസ്.എൻ.ഡി.പിയുടെ ഇന്നത്തെ അമരക്കാരൻ ശ്രീമാൻ വെള്ളാപ്പള്ളിക്ക് അത്രയുമില്ല. ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട്  കോഴിക്കോട്ടുകാരൻ ശ്രീമാൻ വി.മുരളീധരനോ ചുരുങ്ങിയത് മലപ്പുറത്തുകാരി ശ്രീമതി. ശോഭാ സുരേന്ദ്രനോ മനസ്സിലാവുമോ ആവോ..!?

6 അഭിപ്രായങ്ങൾ:

 1. ചന്ദ്രിക സോപ്പിന്റെ മണം പോലെ മറ്റെന്തെങ്കിലും മണത്തെ ഓര്‍ത്തെടുക്കാന്‍ പറ്റും എന്ന് തോന്നുന്നില്ല , എന്റെ മുത്തച്ഛന്‍ ഉപയോഗിച്ചിരുന്നത് ഈ സോപ്പ് ആണ് , മുപ്പതു വര്ഷം ആയി എന്ന് എനിക്കുറപ്പാണ് .

  മറുപടിഇല്ലാതാക്കൂ
 2. ഞാന്‍ വളരെ വൈകി ഇന്നാണു ഈ പോസ്റ്റ് വായിക്കുന്നത്.. മനോഹരമായിരിക്കുന്നു...!കൂട്ടത്തില്‍ പറയട്ടെ ചന്ദ്രികാസോപ്പിനു പെര്‍ഫെക്ഷന്‍ കിട്ടണമെങ്കില്‍..കൂട്ടത്തില്‍ ചെമ്പരത്യാദി വെളിച്ചെണ്ണയും വേണം..!!

  മറുപടിഇല്ലാതാക്കൂ
 3. ഡാ...ഇന്നു ഞാന്‍ ചന്ദ്രിക തേച്ചു പതപ്പിച്ചു കുളിച്ചു മരിക്കും /നീയാണു പ്രതി ...

  മറുപടിഇല്ലാതാക്കൂ
 4. കുഞ്ഞിക്കുട്ടൻ പറഞ്ഞത് ശരിയായിരിക്കണം :)
  നന്ദി ജയൻ..
  സരളേട്ത്തി പറഞ്ഞ ആ 'ഗോമ്പിനേഷൻ'പരീക്ഷിക്കുന്നതാണ്..
  ഹാഹാ നസീറേ.. :)

  മറുപടിഇല്ലാതാക്കൂ
 5. എന്നെ നോക്കി എനിക്ക് കളിയാക്കി ചിരിക്കാനറിയാം എന്ന ഒരൊറ്റ ധൈര്യത്തില്‍, കമ്യൂണിസ്റ്റ് അല്ലാതിരുന്നിട്ടു കൂടി ഞാന്‍ രണ്ടെണ്ണം വായിച്ചു രസിച്ചു. ചെറുപ്പത്തില്‍ കമ്യൂണിസ്റ്റ് ആവാന്‍ ഒരു വഴിയും കിട്ടിയില്ല. വളര്‍ന്നപ്പോള്‍ കൂട്ടുകാരൊക്കെ കമ്യൂണിസ്റ്റുകള്‍ ആയതിനാല്‍ ഞാനും അക്കൂട്ടത്തില്‍ 'തെറ്റിദ്ധരിക്ക'പ്പെട്ടു നടന്നു എന്നു മാത്രം. എന്നിട്ടും രണ്ടായിരം കുടുംബങ്ങളുള്ള ഒരു സംഘടനയില്‍ എനിക്കാദ്യം അംഗത്വം നിഷേധിക്കപ്പെട്ടതിന്‍റെ കാരണം 'കമ്യൂണിസ്റ്റ്' ആയതിന്‍റെ പേരില്‍ ആയിരുന്നെന്ന് ഒരുപാട് താമസിച്ചാണ്‌ ഞാന്‍ അറിഞ്ഞതു തന്നെ. അപ്പോഴേയ്ക്കും, ഞാന്‍ ആ സ്ഥാപനത്തിന്‍റെ ജനറല്‍ സെക്രട്ടറി ആയിരുന്നു. ഇപ്പോഴും ഒരു നല്ല കമ്യൂണിസ്റ്റ് ആവാന്‍ എനിക്കു കഴിയുന്നില്ലല്ലോ എന്നുള്ള വേദനയില്‍ മനുഷ്യരേയും മൃഗങ്ങളേയും പ്രകൃതിയേയും പുസ്തകങ്ങളേയും ഞാന്‍ സ്നേഹിച്ചുകൊണ്ട് ആത്മകഥ തല്‍ക്കാലം നിറുത്തുന്നു.

  മറുപടിഇല്ലാതാക്കൂ