2012, മാർച്ച് 15, വ്യാഴാഴ്‌ച

ഭയത്തിന്റെ അന്താരാഷ്ട്രവിപണി…ഭാഗം-1



വീട്ടുവളപ്പിന്റെ രണ്ടു ഭാഗത്തും പൊതുവഴികളുണ്ടാവുമ്പോൾ ഒന്നുകിൽ അതിന്റെ സൗകര്യം കാണാം. അതല്ലെങ്കിൽ അയ്യോ കള്ളന്മാർക്കു വന്നു കേറാൻ രണ്ടു വഴിയായി എന്നു പരിഭ്രമിക്കാം. കിഴക്കേപ്പടി അത്യാവശ്യമൊരു ഇന്നോവ ടാക്സി വന്നുകേറാൻ സൗകര്യമൂള്ള ശൈവ-വിക്റ്റോറിയൻ സന്നിവേശിതകലാസൃഷ്ടിയായ ലോക്കൽ മെറ്റൽ ഇൻഡസ്ട്രീസ് ശൂലമുനഗേറ്റും മറ്റേ ഭാഗത്ത് കൃഷിവകുപ്പ്, കുടുംബശ്രീഎന്നീ സംവിധാനങ്ങളുടേയും ചട്ടിവട്ടികൾ, വളപ്രയോഗങ്ങൾ, കീടനാശിനികൾ എന്നീ ലൊട്ടുലൊടുക്കാദികളുടേയും സർവ്വോപരി സാർവ്വദേശീയതൊഴിലാളിവർഗ്ഗത്തിന്റേയും സ്വകാര്യമായ പോക്കുവരവിനനുയോജ്യമായ പരിസ്ഥിതിസന്തുലിതമായ ഒരു ഇല്ലിമുളം ലല്ലലലം ഗേറ്റും എന്നത് ഈ സൗകര്യമുള്ളിടത്തെ ഒരു ഗ്രാമീണ ഫ്യൂഡൽ പെറ്റിബൂർഷ്വാ സെറ്റപ്പാണ്. ആ പെറ്റി ബൂർഷ്വാ ഗൃഹനാഥനാകട്ടെ സൗകര്യമുള്ളപ്പോഴൊക്കെ ഒരു പ്രോലിറ്റേറിയൻ തോർത്തുടുക്കൽ തരുന്ന സ്വാതന്ത്ര്യമനുഭവിച്ചുകൊണ്ട് പൊതുവഴിയിലേക്ക് കുശലാന്വേഷണങ്ങൾ വാരിച്ചൊരിഞ്ഞുകൊണ്ടും ഗ്രാമീണവർണങ്ങളുടെ ഇടവഴിയൊഴുക്കുകൾ ആസ്വദിച്ചുകൊണ്ടും ചെറായി ബീച്ചിൽ ബിയറടിച്ചിരുന്ന് അൺ വൈൻഡ് ചെയ്യുന്ന കോർപ്പറേറ്റ് എക്സിക്യുട്ടീവിനെപ്പോലും അസൂയപ്പെടുത്തും വിധം ആഹ്ലാദഭരിതനായി ജീവിച്ചുപോരുകയായിരിക്കും.
പട്ടണപ്രാന്തങ്ങളിൽ നവകൊളോണിയൽ നഗറുകളിൽ വീടുവെച്ചു താമസിക്കുന്ന എന്നെപ്പോലുള്ള സെമി അർബൻ പെറ്റിബൂർഷ്വകളുടെ സ്ഥിതി അതല്ല. നിറയെ ജനലുകളുള്ള വീടുകൾ വെച്ച് അവയ്ക്ക് ഇരുണ്ട കളറുകളുള്ള കർട്ടൺ തൂക്കിയും രണ്ടു ഗേറ്റുകൾ മുൻ ഭാഗത്തു തന്നെ സ്ഥാപിച്ച് അവയിലൊന്ന് സ്ഥിരമായും മറ്റേത് കൃത്യം രാത്രി പത്തു മണിക്കും പൂട്ടിയും ഏതൊരു അപരിചിതനേയും ഒരു പൊട്ടൻഷ്യൽ രാവണനായിക്കണ്ട്  വരാന്തയുടേയും പോർച്ചിന്റേയും ലക്ഷ്മണരേഖയ്ക്കപ്പുറത്ത് നിർത്തിയും വെളിച്ചം, കാറ്റ്, സൗഹൃദങ്ങൾ എന്നിവയുടെ സ്വതന്ത്രമായ കടന്നുവരവിനെ പരമാവധി ചെറുത്തുകൊണ്ടാണ് ഞങ്ങളുടെ ജീവിതം. കള്ളന്മാരെ പേരെടുത്തുതന്നെ അറിയാവുന്ന (ചക്ക, തേങ്ങ, പാത്രങ്ങൾ എന്നിങ്ങനെയുള്ള സ്പെഷ്യലൈസേഷനടക്കം) ഗ്രാമീണസുരക്ഷാസങ്കല്പങ്ങളുടെ ലളിതസംവിധാനങ്ങളൊന്നും പോര അകാരണഭീതികളുടെ ഒളിയാക്രമണങ്ങൾ പതിയിരിക്കുന്ന ഞങ്ങളുടെ ചെറുനഗരജീവിതം സംരക്ഷിക്കാൻ. അയഡൈസ്ഡ് ഉപ്പുപോലെയോ മിനറൽ വാട്ടർ പോലെയോ ഒക്കെ ജീവിതത്തിന്റേയും കുടുംബബജറ്റിന്റേയും ഭാഗമാണ് സുരക്ഷ. അതുകൊണ്ട് രാത്രി 11 മണിക്കും രാവിലെ മൂന്നുമണിക്കും കള്ളന്മാർക്കെല്ലാം അറിയാവുന്ന ക്ലോക്ക് വർക്കിന്റെ കൃത്യതയോടെ ടോർച്ച് മിന്നിച്ച് ചുമച്ചും വിസിലടിച്ചും നടന്നുപോകുന്ന വേലായുധേട്ടന്മാരുടെ സെക്യൂരിറ്റി കമ്പനിക്ക് മാസം നൂറ്റമ്പതു രൂപ ഞങ്ങൾ വകയിരുത്തുന്നു. വിസിൽ വിളിക്ക് കാതോർത്ത് ഉറങ്ങാതെ കിടന്ന് കള്ളന്മാരെ അകറ്റി നിർത്തി എന്ന സന്തോഷത്തോടെ ജീവിച്ചുപോവുന്നു.
ഇന്ത്യ ഈസ് ഷൈനിങ് എന്ന് ഈ ബീജേപ്പിക്കാർ പറഞ്ഞുണ്ടാക്കിയപ്പോൾ മുതലാണ് ഇത്തരത്തിലൊരു പെറ്റിബൂർഷ്വാ സംഭ്രമം ഇന്ത്യയേയും പിടികൂടിയത്. സ്വയമൊരു കൊച്ചുമുതലാളിയായി എന്ന് ഇന്ത്യക്ക് തോന്നിത്തുടങ്ങിയിട്ടുണ്ടാവണം. കോൺഗ്രസ്സുകാരും ഇതു വിശ്വസിച്ച മട്ടിലാണ് കാര്യസ്ഥപ്പണി നടത്തിക്കൊണ്ടിരിക്കുന്നത്. അതിർത്തികൾക്കൊന്നും സുരക്ഷ പോര ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാൻ കൊള്ളില്ല എന്നൊക്കെ നമുക്ക് ആധിയായി. ഏഴായിരത്തി അഞ്ഞൂറിലധികം കിലോമീറ്റർ ദൈർഘ്യമുള്ള കടൽത്തീരം സംരക്ഷിക്കാൻ വെള്ളത്തിലിടാവുന്ന മതിലെന്ത് എന്നൊക്കെ സർക്കാർ കിണഞ്ഞാലോചിച്ചുകൊണ്ടിരിക്കുന്നത് ഈ പരിതസ്ഥിതിയിലാണ്.
സഹസ്രാബ്ദങ്ങളായി ആര്യൻ,പേർഷ്യൻ, ഗ്രീക്,സ്കൈത്തിയൻ, മംഗോളിയൻ,അറബ്, തുർക്കി, പറങ്കി,ഡച്ച്, ബ്രിട്ടീഷ്, ഫ്രഞ്ച് എന്നുവേണ്ട സകലമാന വംശങ്ങളും സൗകര്യമുള്ളപ്പോഴും നേരമ്പോക്കിനുമൊക്കെ അധിനിവേശിച്ചുപോന്ന ഒരു ഭൂപ്രദേശമാണ് ഇനി നമ്മൾ കടലടച്ച് സംരക്ഷിക്കാൻ പോകുന്നത്.(ദ്രാവിഡ മുന്നേറ്റക്കാരും പണ്ടേതോ തമിഴ് പടത്തിന്റെ ഷൂട്ടിങ് ലൊക്കേഷൻ തിരഞ്ഞുവന്നവരാണെന്നു പറയപ്പെടുന്നു) അത്യാവശ്യം രാജ്യം കുട്ടിച്ചോറാക്കാൻ പോന്ന ആന്തരികസംഘർഷങ്ങൾ അതിർത്തിക്കുള്ളിൽ തന്നെ വേണ്ടത്രയുള്ളപ്പോൾ പുറമേ നിന്ന് ഇനി ആരെങ്കിലും കൂടുതലായി വരേണ്ടതുണ്ടോ എന്നും സംശയിച്ചുപോകുന്നു. സഞ്ജയ് ഗാന്ധിയുടെ കാലത്തെ കുടുംബാസൂത്രണപ്രക്രിയപോലെ ഭാവിയിൽ ഒരു നിർബന്ധിത ഇന്ത്യൻ ഇമ്പ്ലാന്റിലൂടെ കൂട്ടമായി ജനിതകപരിവർത്തനം നടത്തുകയോ മറ്റോ ചെയ്യാൻ പറ്റുന്ന മാതിരി ശാസ്ത്രം വികസിച്ചാൽ മാത്രമേ ഈ ആന്തരികസംഘർഷങ്ങൾക്ക് ഒരു പക്ഷെ പരിഹാരം കാണാൻ കഴിയുകയുമുള്ളൂ..!
നഗരപ്രാന്തങ്ങളിലെ സെക്യൂരിറ്റി സേവനം എന്നത് തീർച്ചയായും നിരുപദ്രവകരമായ ഒരു തൊഴിൽ മേഖലയുടെ സ്വാഭാവികമായ വികാസമാണ്. അതുവരെ മിലിട്ടറി ക്വോട്ട എന്ന മുൻ മന്ത്രിമാർക്കുപോലുമില്ലാത്ത അസൂയാർഹമായ സൗകര്യത്തിന്റെ പേരിൽ സിയാച്ചിൻ ബോർഡറിൽ ഗുർബക്ഷ് സിങ്ങിന്റെ കൂടെ മഞ്ഞിൽ പുതഞ്ഞുകിടന്ന കഥകൾക്ക് ചുരുക്കം ആരാധകരുണ്ടായിരുന്നതൊഴിച്ചാൽ പാടേ അവഗണിക്കപ്പെട്ടിരുന്ന സാധാരണ എക്സ് സർവ്വീസ് മെൻ മാർക്ക് മാന്യമായ ഒരു തൊഴിൽ ലഭിക്കാൻ ഭയത്തിന്റെ ഈ ദേശീയവിപണി സഹായകരമായെന്നതും അത്യാവശ്യം സൗകര്യമുള്ള ഇടത്തരക്കാരന്റെ പോക്കറ്റിൽ നിന്ന് ന്യായമായ തുക ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്നുവെന്നതും നല്ല കാര്യം തന്നെ.
അന്താരാഷ്ട്രവിപണിയിൽ ഭയത്തിന്റെ മാർക്കറ്റ് കൈകാര്യം ചെയ്യുന്ന മിലിട്ടറിക്കാരന്റെ കാര്യം പക്ഷെ അങ്ങനെയല്ല. കമ്യൂണിസം എന്ന ഭൂതത്തെ തുരത്തിയോടിക്കാനുള്ള ആഭിചാരക്രിയകൾ, മാട്ടുമാരണങ്ങൾ, വേണ്ടിവന്നാൽ ചൂരൽ പ്രയോഗങ്ങൾ എന്നിവ നടത്തിക്കൊടുത്തുപോന്നിരുന്ന വിയറ്റ്നാം റാംബോ ചേട്ടൻ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം കുറച്ചുകാലം പണിയില്ലാതിരുന്നു. ആയുധങ്ങളൊന്നും കച്ചവടമാവാതിരുന്നപ്പോൾ പുസ്തകപ്രസാധകർ പ്രാദേശികമേളകൾ സംഘടിപ്പിക്കുന്നതുപോലെ വംശീയകലാപങ്ങളുടെ ചെറുകിടമേളകൾ ലോകമെമ്പാടും സംഘടിപ്പിച്ചുനോക്കി. ജനങ്ങൾക്ക് അതും മടുത്ത് പരസ്പരം മിലേ സുർ മേരാ തുമാരാ എന്നു കെട്ടിപ്പിടിക്കാൻ തുടങ്ങിയപ്പോൾ അമേരിക്ക വീണ്ടും ആപ്പിലായി. അപ്പോഴാണ് ഭീകരവാദം എന്ന സംഗതി വീണുകിട്ടുന്നത്. കാട്ടുപൊന്തകൾക്കു ചുറ്റും വടിയടിച്ചുകൊണ്ട് ഇല്ലാത്ത പാമ്പിനെ തിരഞ്ഞ് ബുഷുകൾ സൃഷ്ടിച്ചെടുത്ത ഈ സർപ്പഭീതിയിൽ രതിനിർവേദം തലമുറകളായി കണ്ടുകൊണ്ടിരിക്കുന്ന നമ്മൾ മലയാളികളടക്കം പെട്ടുപോയതിൽ അത്ഭുതമില്ല. തനതുനാടകവേദിക്കാലത്ത് സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠിച്ചിറങ്ങിയ ആരോ വൈറ്റ് ഹൗസിൽ പരിശീലനം കൊടുക്കുന്നുണ്ട് എന്ന് തോന്നിക്കുമാറാണ് അമേരിക്കൻ പ്രസിഡണ്ടുമാർ ടെററിസം..ടെററിസം എന്നാവർത്തിച്ചുപാടി പ്രസംഗങ്ങൾ നാടകീയമാക്കാറുള്ളത്. (എന്തായാലും നരിപ്പറ്റ രാജ്വേട്ടന്റെ ബാച്ചല്ല..അവരൊക്കെ അമേരിക്കൻ വിരുദ്ധരായിരുന്നു എന്ന് കടമ്പഴിപ്പുറത്തെ ഒരു മൂന്നാം ലോകഗ്രാമീണബാറിലിരിക്കുമ്പോൾ എനിക്ക് നേരിട്ട് ബോദ്ധ്യപ്പെട്ടതാണ്..) മലയാളമനോരമ കാലങ്ങളായി ചെയ്തുപോന്നിരുന്ന ഒരു  വിദ്യ മാത്തുക്കുട്ടിച്ചായൻ കുഞ്ഞുങ്ങൾക്കു കളിക്കാനായി കളിക്കുടുക്കയിൽ ഇട്ടുപോന്നിരുന്നു. ആടിനെ പട്ടിയാക്കൂ എന്ന മട്ടിൽ. അതിന് കുട്ടികൾ ആട്, ആന, പന, പട്ടി..എന്നെഴുതി കൈകൊട്ടിച്ചിരിക്കും. അമ്മാതിരിയൊരു വിക്രസ്സിലൂടെയാണ് സാമങ്കിൾ ട്വിൻ ടവർ എന്നത് സദ്ദാം ഹുസൈൻ എന്നാക്കിയത്. പിന്നെ പണ്ട് കേരളാ പോലീസ് കരടിയെ തല്ലിച്ച് അയ്യോ ഞാൻ പുലിയാണേ എന്ന് സത്യം പറയിച്ച കഥ പോലെയായി കാര്യങ്ങൾ.
അതുപോലെയല്ലെങ്കിലും ഇന്ത്യ ആളൊരു പുലിയാണ് എന്ന് അമേരിക്ക കുറച്ചു കാലമായി പറയാൻ തുടങ്ങിയിട്ട്. ഇടയ്ക്ക് ആളടുത്തില്ലാത്തപ്പോൾ ഇന്ത്യക്കാർ കൂടുതൽ ഭക്ഷണം കഴിക്കുന്നതുകൊണ്ടാണ് ഭക്ഷ്യക്ഷാമമുണ്ടാവുന്നത്, അതു ദഹിക്കാത്തതുകൊണ്ടാണ് ഗ്രീൻ ഹൗസ് വാതകങ്ങൾ ഉണ്ടാവുന്നത്, അങ്ങനെയാണ് ഓസോണിലെ തുള വലുതാവുന്നത്..ഇന്ത്യക്കാർ കൂടുതൽ കാറോടിക്കുന്നതുകൊണ്ടാണ് ഇന്ധനക്ഷാമമുണ്ടാവുന്നത്, മുച്ചീട്ടു കളിക്കുന്നതുകൊണ്ടാണ് നാണയപ്പെരുപ്പമുണ്ടാവുന്നത് എന്നൊക്കെ പരദൂഷണം പറയുമെങ്കിലും ഇന്ത്യ ഒരു പുലിയാണ് എന്നതിൽ അമേരിക്കയ്ക്ക് ഒരു സംശയവുമില്ല. ആ പേരിൽ ഇടയ്ക്കൊക്കെ തോളത്തു കയ്യിട്ടും കിരീടത്തിലെ കൊച്ചിൻ ഹനീഫയുടെ കഥാപാത്രത്തെപ്പോലെ പിച്ചാത്തി പിടിച്ച് കൂടെ നെഞ്ചു വിരിച്ചു നടന്നും ഒക്കെ അമേരിക്ക ഇന്ത്യയെ പരമാവധി ആളാക്കുന്നുണ്ട്.
ഇതിന്റെ കൂട്ടത്തിൽ മന്മോഹൻസിങ്ങിന്റെ തലേക്കെട്ടുകൊണ്ട് പകുതി മറഞ്ഞ ചെവിയിൽ വേണ്ടത്ര സുരക്ഷാ ഉപദേശങ്ങളും  അമേരിക്ക നൽകിപ്പോരുന്നുണ്ട്. ഭീകരാക്രമണം ഉണ്ടാവും ഉണ്ടാവും എന്ന് അമേരിക്ക പറയുകയും അവസാനം ഉണ്ടായിക്കഴിയുമ്പോൾ ഞങ്ങളന്നേ പറഞ്ഞതാണ് എന്നുമൊക്കെ കുറച്ചുകാലമായി നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട്. സർദാർജി ശരിക്കു കേൾക്കാത്തതുകൊണ്ടോ എന്തോ..! എന്തായാലും നാളിതു വരെയുള്ള ചരിത്രം വെച്ചുനോക്കുമ്പോൾ എന്തോ വളഞ്ഞ ബുദ്ധി അമേരിക്കയുടെ സുഖിപ്പിക്കലിലും കൂടെക്കൊണ്ടു നടത്തലിലും ഇല്ലേ എന്നൊന്നു സംശയിച്ചുപോകും. എന്തെങ്കിലും കുറുക്കൻ ബുദ്ധിയോടെ മാത്രമേ കേവലം അഞ്ഞൂറ്റിച്ചില്ല്വാനം വർഷങ്ങളുടെ ചരിത്രത്തിൽ എല്ലാ കാര്യങ്ങളിലും ഒരു രാഷ്ട്രമെന്ന നിലയിൽ അമേരിക്ക ഇടപെട്ടിട്ടുള്ളൂ.

സാമ്പത്തികരംഗത്തെ കുറേ തിരിച്ചടികളുടേയും സംഭ്രമങ്ങളുടേയും ബാക്കിയായി ഫെഡറൽ റിസർവ് സിസ്റ്റത്തിന് അമേരിക്കയിൽ തുടക്കമാവുന്നത് 1913 ലാണ്1914 ലാണ് അമേരിക്ക ഇടപെടുന്ന രണ്ടാം ലോകമഹായുദ്ധം. ബാങ്കും യുദ്ധവും തമ്മിലെന്ത് എന്ന് വിസ്തരിക്കാൻ ഞാനാളല്ല. മന്മോഹണോമിക്സ് പോട്ടെ സിമ്പിൾ എക്കണോമിക്സ് പോലും തലയിൽ കയറാത്ത ഒരാളായതുകൊണ്ട് അക്കാര്യം തൽക്കാലം വെറുമൊരു പ്രസ്താവനയായി ഇവിടെ ഇരിക്കട്ടെ.
ബോംബേയിൽ തൊഴിലന്വേഷിച്ച് അലഞ്ഞുനടന്നിരുന്ന കാലത്ത് ശ്രദ്ധയിൽപ്പെട്ട അതീവലളിതമായ ഒരു സാമ്പത്തികചക്രമുണ്ട്. നല്ല തിരക്കുള്ള റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ അത്യാവശ്യം അലങ്കരിച്ച ഒരു പശുവും ഒരു കെട്ടു പുല്ലുമായി ഒരു ഭയ്യ ഇരിപ്പുണ്ടാവും. രാവിലെ നെട്ടോട്ടമോടുന്നതിനിടയിലും സ്ത്രീപുരുഷഭേദമന്യേ കുറേ ജനം ഗോമാതാവിനെ വന്ദിച്ച് ഭയ്യക്ക് എട്ടണയോ ഒരു രൂപയോ കൊടുക്കും..ഭയ്യ നാലഞ്ചു പുല്ലെടുത്ത് ഭക്തർക്കു കൊടുക്കും ..അവരത് പശുവിനു നീട്ടും.. കോളേജ് പിള്ളേർ ബബിൾഗം ചവയ്ക്കുന്നപോലെ നിസ്സംഗമായി ഒരു യന്ത്രം പോലെ വായ് ചലിപ്പിച്ചുകൊണ്ടിരിക്കുന്ന പശു അത് നക്കിയാലായി തിന്നാലായി..എന്തായാലും പകുതിയിലധികം തിരിച്ച് താഴേക്കുതന്നെ വീഴും. ഭയ്യ അത് റീസൈക്കിൾ ബിന്നിലേക്ക് കയറ്റും.. ഈ പ്രൊസസ്സിനിടയിൽ അവിടെ പുണ്യം വാരിവിതറപ്പെടും..ഓടിപ്പോവുന്നവർക്ക് അതിത്തിരി കിട്ടിയാലായി വേറെ പണിയില്ലാത്തതുകൊണ്ട് ഇതു നോക്കിനിൽക്കുമ്പോൾ ഈ പശു ആരുടെ, പുല്ലാരുടെ, ഭയ്യ ആരുടെ, സത്യത്തിൽ എന്ത് ഉദ്പാദനപ്രക്രിയയാണ് ഇവിടെ നടക്കുന്നത്, ഈ മൊത്തം സംഗതിയുമായി ബന്ധപ്പെട്ട ഉദ്പാദനോപകരണങ്ങളുടെ ഉടമസ്ഥത വിപ്ലവത്തിനു ശേഷം പശുവിനാണോ ഭയ്യക്കാണോ വന്നുചേരേണ്ടത് എന്നൊക്കെയുള്ള അനാവശ്യചിന്തകളിൽ പെട്ടുപോയിട്ടുണ്ട്. (അവസാനം ഇത്ര ലളിതമായ ഒരു സംഗതിയുടെ എക്കണോമിക്സ് പോലും മനസ്സിലാക്കാൻ കഴിയാത്ത ഞാൻ  ഇന്ത്യയുടെ സാമ്പത്തികതലസ്ഥാനത്ത് തുടർന്നുജീവിക്കുന്നതിൽ അർത്ഥമില്ല എന്നു ബോദ്ധ്യപ്പെട്ടതിനാലാണ് ബോംബെ വിട്ട് കപ്പലിൽ സ്പാനർ പിടിക്കുന്ന പണിക്ക് കയറിയത്.പിന്നീടിങ്ങോട്ട് പശുവും ഭയ്യയും പുല്ലും ചേർന്ന പെർമ്യൂട്ടേഷൻ കോമ്പിനേഷനുകളായി കൂടുതൽ സങ്കീർണ്ണമായ സംഭവമായിട്ടേ എക്കണോമിക്സിനെ കാണാൻ കഴിഞ്ഞിട്ടുള്ളൂ എന്നതാണ് എന്റെ മെന്റൽ ബ്ലോക്കായി മാറിയ ബോംബെ അനുഭവത്തിന്റെ മിച്ചമൂല്യം. )
ചുരുക്കത്തിൽ പലരും പറഞ്ഞുകേട്ടും വായിച്ചും ഞാൻ മനസ്സിലാക്കിയ ഒരു സംഗതി ഇതാണ്. യുദ്ധം എന്ന ഒരു പശു നിരന്തരം അയവിറക്കിക്കൊണ്ട് ഫെഡറൽ റിസർവ്വ് എന്ന പുല്ലുകെട്ടുമായി കുത്തിയിരിക്കുന്ന അമേരിക്കൻ ഭയ്യയുടെ കൂടെ എപ്പോഴുമുണ്ടാവും. ഈ പുല്ലുകെട്ടുകെട്ടിനെ നിരന്തരം ചലിപ്പിച്ചുകൊണ്ടിരിക്കുന്നതിന് ജനങ്ങളെ നികുതിയായും സേവനങ്ങളായും ദാനം ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നതാവട്ടെ അയവെട്ടിക്കൊണ്ടേയിരിക്കുന്ന യുദ്ധത്തിന്റെ മ്പേ..മ്പേ..എന്ന സമാധാനത്തിന്റെ സൈറൺ വിളികളാണ്. (ഈ മാതൃക പിന്തുടർന്ന് ബാങ്ക് ലോണെടുത്ത് പശുവിനെ വാങ്ങിച്ച മൂന്നാം ലോകരാഷ്ട്രങ്ങളിലെ ദാസനും വിജയനുമൊക്കെ ഈ നശിച്ച ജന്തുവിന് ഉറക്കവുമില്ലേ എന്നു പ്രാകി പിണ്ണാക്കുതിന്നു കഴിഞ്ഞുകൂടുന്നു എന്നത് വേറെ കാര്യം). ഈ ഫെഡറൽ റിസർവ്വ് പുല്ലു വരുന്നതാകട്ടെ സർക്കാർ കൃഷിയിടങ്ങളിൽ നിന്നു മാത്രമല്ല. സ്വകാര്യ ബുഷുകളിൽ നിന്നടക്കം വെട്ടിക്കൂട്ടുന്നതാണ്.(ഒന്നാം ലോകമഹായുദ്ധകാലത്ത് യുദ്ധത്തിന്റെ രണ്ടു ഭാഗത്തെ കക്ഷികൾക്കും അമേരിക്കൻ സ്വകാര്യബാങ്കുകൾ ഫണ്ട് ചെയ്തതായി പിന്നീട് രേഖകൾ കിട്ടിയിട്ടുണ്ടെന്നും അവരെല്ലാം വിചാരണ ചെയ്യപ്പെട്ടിട്ടുണ്ടെന്നും പറയപ്പെടുന്നു.അക്കൂട്ടത്തിൽ നാസി ജർമ്മനിയുടെ പൈസ കൊണ്ട് കളിച്ചതിന് പിന്നീട് പിടിക്കപ്പെട്ട യൂനിയൻ ബാങ്കിങ് കോർപ്പറെഷൻ ഓഫ് ന്യൂ യോർക്കിന്റെ വൈസ് പ്രസിഡണ്ടിന്റെ പേരു കേട്ട് ഞെട്ടരുത്.. പ്രസ്കോട്ട് ഷെൽഡൻ ബുഷ്ജോർജ് ബുഷിന്റെ അച്ഛൻ, കൊച്ചു ജോർജ്ജ് ബുഷിന്റെ മുത്തച്ഛൻ..!)
(അവടെ നിക്കട്ടെ.. ! അമേരിക്ക ബാംഗ്ലൂരിനെ ബലാത്സംഗം ചെയ്യുമോ.. തക്ക സമയത്ത് വിജയ് മാല്യ കിങ്ഫിഷർ കുപ്പി പൊട്ടിച്ച് അമേരിക്കയുടെ വയറ്റിൽ കുത്തുമോ..കേരളം ചാരിത്ര്യം സംരക്ഷിക്കുമോ..സംഭ്രമജനകമായ അടുത്ത ലക്കത്തിൽ തുടർന്നുവായിക്കുക!)

2 അഭിപ്രായങ്ങൾ: