(കുട്ടികള്‍ക്ക് ഈണത്തില്‍ വായിച്ചുകൊടുക്കാന്‍)
നീലച്ചായത്തില്‍ മുങ്ങി പോലീസായ ഒരു കുറുക്കന്‍വണ്ടി ഒരു കോഴിവണ്ടിയുടെ പിന്നാലെ ഓടി ക്ഷീണിച്ചുനില്‍ക്കുകയായിരുന്നു. അപ്പോഴാണ് ചിറ്റൂരില്‍ നിന്നും കണ്ണൂരിലേക്ക് പോവുന്ന ഒരു കള്ളുവണ്ടി ആ വഴി വന്നത്. വണ്ടിയോടിച്ചിരുന്ന കൊക്കുചേട്ടന്‍ കള്ളു നിറച്ച കുഴലന്‍പാത്രങ്ങള്‍ ചൂണ്ടിക്കാണിച്ച് കുറുക്കന്‍ചേട്ടനോടു ചോദിച്ചു..
“കുറുക്കന്‍ ചേട്ടാ..കുറുക്കന്‍ ചേട്ടാ..ക്ഷീണം മാറ്റാന്‍ ഇത്തിരി വീശുന്നോ..?”
പഴയ കഥകള്‍ ഓര്‍മ്മയുള്ള കുറുക്കന്‍ ചേട്ടന്‍ നിന്റെ ആ പഴയ വേല മനസ്സിലിരിക്കട്ടെ എന്നു ചിന്തിച്ച് പരന്ന തൊപ്പി മലര്‍ത്തിപ്പിടിച്ച് അതില്‍ കള്ളൊഴിച്ചുകുടിച്ചു.
കൊക്കുചേട്ടന്‍ കണ്ണൂര്‍ക്ക് വണ്ടിയോടിച്ചുപോയി.
അപ്പോള്‍ മലപ്പുറത്തേക്ക് അപ്പവും കയറ്റി ഒരു കാക്കവണ്ടി വന്നു..
സൂത്രശാലിയായ കുറുക്കന്‍ ചോദിച്ചു..
“കാക്കേ കാക്കേ..ഒരു പാട്ടുപാടിത്തരാമോ..”
കാക്കയും ജലപാത്രവും എന്ന ഒന്നാം ക്ലാസ് കഥയിലെ ലളിതതത്വങ്ങളാല്‍ അപ്പങ്ങളെമ്പാടും ചുട്ട് ലോറിയുടെ മുകള്‍പ്പരപ്പില്‍ പൊന്തിച്ചുവെച്ച കാക്കയ്ക്കും എല്ലാ കഥകളും ബൈഹാര്‍ട്ടായിരുന്നു.
തഞ്ചമറിയാവുന്ന കാക്ക മഹാകവി മോയിന്‍കുട്ടിവൈദ്യരുടെ ഒരു പഴയ ഗാനം വീയെം കുട്ടിയുടേയും വിളയില്‍ വത്സല(ഫസീല)യുടേയും ശബ്ദത്തില്‍ സീഡിയില്‍ ഇട്ടുകൊടുത്തു.
കള്ളിന്റെ ലഹരിയും മാപ്പിളപ്പാട്ടിന്റെ ഇശല്‍മധുരവും കൂടിയായപ്പോള്‍ കുറുക്കന്‍ മയങ്ങിപ്പോയി. കാക്ക മലപ്പുറത്തേക്ക് വണ്ടിയോടിച്ചുപോയി.
രണ്ടുചെറിയ ശബ്ദങ്ങള്‍ കുറുക്കന്‍ചേട്ടനെ വിളിച്ചുണര്‍ത്തി..
നോക്കുമ്പോള്‍ ചെങ്കൊടി പിടിച്ച ഒരു ആമയും ഖദറിട്ടു കുട്ടപ്പനായ ഒരു മുയലും..
രണ്ടു പേരും ഒന്നിച്ചു ചോദിച്ചു..
“കുറുക്കന്‍ചേട്ടാ..കുറുക്കന്‍ചേട്ടാ..ചേട്ടനു ഞങ്ങള്‍ രണ്ടാളെയും അറിയാമല്ലോ..ചേട്ടന്‍ തന്നെ പറയൂ..ഞങ്ങളീല്‍ ആരാണു കേമന്‍..?”
എന്തെങ്കിലുമൊരു സൂത്രം ആലോചിക്കും മുമ്പ് ഒരു ആനവണ്ടിയില്‍ കുറേ കഴുതകള്‍ അവിടെ വന്നിറങ്ങി മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി..
“പുല്ലാണേ..പുല്ലാണേ..പോലീസ് ഞങ്ങള്‍ക്കു പുല്ലാണേ..”
മരങ്ങളുടെ മറവില്‍ പുല്ലു തിന്നുകയായിരുന്ന കുറേ പുലികള്‍ ബഹളം കേട്ട് പരിഭ്രമിച്ച് പത്രസമ്മേളനം വിളിച്ചു..
“ഞങ്ങളൊക്കെ പുല്ലു തിന്നുകയായിരുന്നു എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്..സത്യത്തില്‍ ഞങ്ങള്‍ പുല്ലില്‍ പല്ലിലെ ചോര തുടയ്ക്കുകയായിരുന്നു..തെളിഞ്ഞ സാംസ്കാരികനിശ്ചലതയുടെ സ്വച്ഛന്ദജലപ്രതലത്തെ കലക്കിമറിക്കുന്ന ആട്ടിന്‍കുട്ടികളെ ഞങ്ങള്‍ക്കുവേണ്ടി പിടിച്ചുകൊണ്ടുവരാന്‍ ചെന്നായ്ക്കളെ ഞങ്ങള്‍ വാടകക്കെടുത്തിരിക്കുന്നു എന്ന പ്രചരണം വ്യാജമാണ്. സ്വന്തമായി ഇരതേടിപ്പിടിക്കാനുള്ള ശക്തിക്കു വേണ്ട കുഴമ്പും തൈലവുമൊക്കെ മേടിക്കാന്‍ പെന്‍ഷന്‍ തന്നെ ധാരാളം. ഇടയ്ക്കൊന്നു ഗര്‍ജ്ജിക്കാന്‍ മൈക്കിന്റെ സഹായം വേണമെന്നു വെച്ച്..”
വിവരം കെട്ട കഴുതകള്‍ അപ്പോഴും ബഹളം വെച്ചുകൊണ്ടിരുന്നു..
“പുല്ലാണേ..പുല്ലാണേ..”
2010, മാർച്ച് 27, ശനിയാഴ്‌ച
2010, മാർച്ച് 2, ചൊവ്വാഴ്ച
കാഞ്ഞിരപ്പുഴ പ്രണയപദ്ധതി
കാട്ടരുവിയുടെ കാനനച്ഛായകള്‍ തൊട്ട് അഴിമുഖത്തെ വിശാലതീരം വരെ സമീപപ്രദേശങ്ങളിലുള്ള പ്രണയങ്ങള്‍ക്കെല്ലാം പശ്ചാത്തലമായി ഒഴുകുക എന്ന ഭാരിച്ച ഉത്തരവാദിത്തം പുഴകള്‍ക്കുണ്ട്. ഇത്തരത്തില്‍ ചിന്തിച്ചാല്‍ എത്രയോ ടി.എം.സി. (ഏതുറക്കത്തില്‍ വിളിച്ചെണീപ്പിച്ചാലും ആളിയാര്‍ കരാറിനെക്കുറിച്ച് ക്ലാസെടുത്തു കൊടുക്കുന്ന കെ.കൃഷ്ണന്‍കുട്ടിയേട്ടന്‍ ബൈഹാര്‍ട്ടാക്കിത്തന്ന സംഗതിയാണ് ടി.എം.സി) പ്രണയപശ്ചാത്തലസാദ്ധ്യതകളാണ് ഒരു അണക്കെട്ടില്‍ തടഞ്ഞുനിര്‍ത്തപ്പെടുന്നത്.
ഈ കാരണം കൊണ്ടു തന്നെ കാഞ്ഞിരപ്പുഴ അണക്കെട്ടു വന്നതോടെ പ്രണയസംബന്ധമായ ഒരു വരള്‍ച്ച വള്ളുവനാടിന്റെ കിഴക്കന്‍ മേഖലയില്‍ അനുഭവപ്പെടുകയുണ്ടായി.കൂടല്ലൂരില്‍ നാടന്‍ രീതിയില്‍ ജലസേചനം നടത്തിപ്പോന്നിരുന്ന എം.ടി.വാസുദേവന്‍ നായര്‍ എന്ന കര്‍ഷകന്‍ അപ്പോഴേക്കും ഒരു വ്യവസായിയായി കോഴിക്കോട്ടേക്ക് താമസം മാറ്റിയിരുന്നു. കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം, വെള്ളിനേഴി, ചെര്‍പ്പുളശ്ശേരി പഞ്ചായത്തുകള്‍, ഒറ്റപ്പാലത്തെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ അതികഠിനമായ വരള്‍ച്ച മൂലം യുവഹൃദയങ്ങള്‍ വിണ്ടുകീറാന്‍ തുടങ്ങി.
ഈ ഘട്ടത്തിലാണ് എഞ്ചിനീയറിങ്ങ് രംഗത്ത് വൈകിയാണെങ്കിലും വന്നു ചേര്‍ന്ന കാല്പനികതയുടെ പ്രതിഫലനങ്ങള്‍ സര്‍ക്കാരിന്റെ നിര്‍മ്മാണരംഗത്ത് പ്രതിഫലിച്ചുതുടങ്ങിയത്. വള്ളുവനാടിന്റെ കിഴക്കന്‍ മേഖലയിലെ യുവഹൃദയങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ പ്രൊജക്ടിന് അങ്ങനെ തുടക്കമായി.
ജനകീയമായ പ്രണയത്തിന്റെ ഒരു വസന്തകാലമാണ് അതോടെ പൂത്തുലഞ്ഞത്. ഭൂമീദേവി പുഷ്പിണിയായി എന്ന സിനിമയില്‍ നസീറും മധുവും ജയഭാരതിയും വിധുബാലയും കുട്ടവട്ടികളും കൈക്കോട്ടുപിക്കാസുകളുമായി താളത്തില്‍ നടന്നു നീങ്ങുന്ന രംഗം മനസ്സില്‍ നിന്നു മാഞ്ഞുപോയിട്ടില്ലാത്ത നാട്ടുകാര്‍ കനാല്‍വെള്ളമിരമ്പിവരുന്ന അവസാനരംഗം സ്വപ്നം കണ്ടുകൊണ്ട് എസ്.എസ്.എല്‍.സി എന്ന കടമ്പ കടക്കാത്ത ലോക്കല്‍ ജയഭാരതിമാരേയും പ്രേംനസീര്‍മാരേയും കനാല്‍പണിക്ക് ആശീര്‍വദിച്ചയച്ചു.
ഇതാ ഇവിടെ വരെ, എന്നെ ചുംബിക്കരുതേ, ശാലിനി എന്റെ കൂട്ടുകാരി എന്നൊക്കെ ഇനാമല്‍ പെയിന്റ് പുഷ്പങ്ങളാല്‍ പിന്നില്‍ അലങ്കരിച്ചെഴുതിയ തുറന്ന ലോറികളില്‍ ഗ്രാമീണയൌവ്വനം കനാല്‍ സൈറ്റുകളിലേക്ക് ഇരമ്പിനീങ്ങി. ലോറിക്കുലുക്കങ്ങളിലും ചായകുടിച്ചിരികളിലും ചോറ്റുപാത്രസംയോജന ങ്ങളിലുമൊക്കെയായി നിരവധി ഗ്രാമീണപ്രണയങ്ങള്‍ ഒരു സര്‍ക്കാര്‍ തീവ്രയത്നപരിപാടിയേക്കാള്‍ പതിന്മടങ്ങ് തീവ്രതയിലും വേഗത്തിലും നാടുനീളെ പടര്‍ന്നു.
അപ്പോഴേക്കും മാത്തുക്കുട്ടിച്ചായന്റെ പത്രം നല്‍കുന്ന കൃഷിപാഠങ്ങളനുസരിച്ച്, എം.ടി.വാസുദേവന്‍നായരുടെ ഉദ്പാദനശേഷി കുറഞ്ഞ കൃഷിരീതികള്‍ വിട്ട് മുട്ടത്തു വര്‍ക്കി, കാനം.ഇ.ജെ, സി.എല്‍.ജോസ് തുടങ്ങിയവരുടെ ഉദ്പാദനശേഷി കൂടിയ തെക്കന്‍ രീതികളിലേക്ക് വള്ളുവനാടന്‍ പ്രണയം മൊത്തമായും മാറാന്‍ തുടങ്ങിയിരുന്നു.കോട്ടയം പുഷ്പനാഥ്, നീലകണ്ഠന്‍ പരമാര തുടങ്ങിയ അത്യുഗ്രശേഷിയുള്ള കീടനാശിനികളും തോട്ടുവക്കത്ത് അവസാനിക്കുന്ന അപൂര്‍വ്വം നിഷ്ഫലപ്രണയങ്ങള്‍ ബാക്കിവെച്ചു പോവുന്ന എന്‍ട്രിന്‍, പരാമര്‍ എന്നിവയോടൊപ്പം വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു.യു.പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പോലും വരമീശ വെച്ച് പൊന്നമ്മേ..അന്നമ്മേ..ലില്ലിക്കുട്ടീ..എന്നൊക്കെവിളിച്ച് പ്രണയനിര്‍ഭരരായി നാടകം കളിച്ചു.ബ്രഹ്മസ്വം വക റബ്ബര്‍ തോട്ടങ്ങളില്‍ ടാപ്പിംഗിനായി എത്തിച്ചേര്‍ന്ന ചുരുക്കം കൃസ്ത്യാനികുടുംബങ്ങളിലെ ചട്ടയും മുണ്ടുമുടുത്ത മദ്ധ്യവയസ്കരായ കുടുംബിനികള്‍ കൊടുവാള്‍പ്പിടിയുടെ പരുപരുപ്പ് മാറാത്ത കൈകള്‍ കൂട്ടിത്തിരുമ്മി, കൂസലില്ലാത്ത കോട്ടയംലജ്ജയോടെ നാടകം കണ്ട് പരസ്യമായി വിവശരായി.
ഇതിനു പുറമെയാണ് ഒരു രൂപയ്ക്ക് ഒരു മംഗളം എന്ന മുദ്രാവാക്യവുമായി കോട്ടയത്തുനിന്നും വര്‍ഗ്ഗീസുചേട്ടന്‍ കൂടി മാത്തുക്കുട്ടിച്ചായന്‍ കാണിച്ച ബിസിനസ്സിലിറങ്ങിയത്. പ്രണയത്തിന് അവശ്യം വേണ്ട സാഹിത്യത്തിന് എസ്.എസ്.എല്‍.സി എന്ന കടമ്പ ഒരു തടസ്സമല്ലെന്ന് യുവതലമുറയ്ക്ക് ബോദ്ധ്യപ്പെട്ടത് മംഗളത്തിന്റെ കടന്നുവരവോടെയാണ്. വീട്ടിലേക്ക് ഉപ്പും മുളകും വാങ്ങുന്ന കൂട്ടത്തില്‍ ഒരു രൂപയുടെ മംഗളവും ചുരുട്ടിപ്പിടിച്ച് ലോറിയിറങ്ങി കണ്ണുകള്‍ കൊണ്ട് യാത്ര പറയുന്ന പ്രണയജോഡികള്‍ ഗ്രാമീണനാല്‍ക്കവലകളുടെ (നാലുംകൂട്യോടം എന്നു വള്ളുവനാടന്‍ ഭാഷ്യം) വൈകുന്നേരക്കാഴ്ചകളായിരുന്നു.
പ്രണയഭരിതമായ കനാല്‍വെട്ടല്‍ വര്‍ഷങ്ങളോളം നീണ്ടുനിന്നു. വെള്ളം മുകളില്‍ നിന്നും താഴേക്കൊഴുകുന്നു എന്ന സാമ്പ്രദായികസങ്കല്പത്തെപ്പോലും വെല്ലുവിളിച്ചുകൊണ്ടാണ് ചില പ്രദേശങ്ങളില്‍ പണി പൂര്‍ത്തിയായത്. പദ്ധതിയുടെ പേരില്‍ കെ.പി.ഐ.പി പ്രണയങ്ങള്‍ എന്നു വിളിക്കാവുന്ന തൊഴിലിടപ്രണയങ്ങളില്‍ ഭൂരിഭാഗവും ദാമ്പത്യത്തിലവസാനിച്ചു. ചിലവ വിപ്ലവകരമായും ചിലവ സൌകര്യപ്രദമായും. അവിഹിതഗര്‍ഭങ്ങളുടെ ദുരന്തങ്ങളായി അവസാനിച്ച ചില ജീവിതങ്ങള്‍ക്ക് മംഗളത്തിലെ മന:ശാസ്ത്രജ്ഞന് വഴി കാണിച്ചുകൊടുക്കാനായില്ല. കല്യാണം കഴിയാതെപോയ ചുരുക്കം നിര്‍ഭാഗ്യവതികള്‍ക്ക് “ഓള് പ്പൊ കനാല് പണിക്കൊക്കെപ്പോയി ത്തിരി ഫോര്‍വേഡായടക്ക്ണൂ” എന്ന് വെറുതേ സ്വഭാവദൂഷ്യം ആരോപിക്കപ്പെടുന്ന അവസ്ഥയുമുണ്ടായി.
വര്‍ഷങ്ങള്‍ പിന്നിട്ട ശേഷവും കാഞ്ഞിരപ്പുഴ ഡാമില്‍ നിന്നു തുറന്നുവിട്ട ഒരു തുള്ളി വെള്ളം പോലും ഇവിടെ പലയിടത്തും എത്തിയിട്ടില്ലെങ്കിലും പദ്ധതി സൃഷ്ടിച്ച പ്രണയവിപ്ലവം നനവുള്ള ഓര്‍മ്മകളായി ഞങ്ങളില്‍ ബാക്കി നില്‍ക്കുന്നു. ഇപ്പോള്‍ കുടുസ്സുഷര്‍ട്ടുമിട്ട്, അനാവൃതമായ പിന്‍പോക്കറ്റില്‍ തിരുകിയ ചൈനീസ് മൊബൈലിലെ എസ്.എം.എസ്സായി പ്രണയം കൊണ്ടുനടക്കുന്ന പുത്തന്‍ തലമുറ, തൊഴിലില്ലായ്മയുടെ ദയനീയതക്കിടയില്‍ പ്രണയസുരഭിലമായി അദ്ധ്വാനിച്ച ആ തലമുറയെയോര്‍ത്ത് അല്പനേരം കനാല്‍വരമ്പത്തിരുന്ന് രോമാഞ്ചം കൊള്ളേണ്ടതാണ്.
ലേബലുകള്‍:
ആക്ഷേപഹാസ്യം,
നര്‍മ്മം,
ഹാസ്യം
2010, ഫെബ്രുവരി 20, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)